ഇന്ത്യയുടേത് മോശം സമ്പദ്‌വ്യവസ്ഥ: അഭിജിത് ബാനർജി

Thursday 01 October 2020 1:25 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് നോബേൽ പുരസ്‌കാര ജേതാവ് അഭിജിത് ബാനർജി. ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും സർക്കാരിന്റെ ഉത്തേജന പാക്കേജുകൾ അപര്യാപ്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തിലെ ജൂലായ് - സെപ്തംബർ പാദത്തിൽ വളർച്ച പ്രകടിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജി.ഡി.പി വളർച്ച കൊവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുമ്പുതന്നെ താഴേക്കായിരുന്നു. 2017-2018ൽ ഏഴ് ശതമാനമായിരുന്ന ജി.ഡി.പി 2018-19ൽ 6.1 ആയി കുറഞ്ഞു. 2019-20 വർഷത്തിൽ 4.2 ആയി കുത്തനെ കുറഞ്ഞു.

അതേസമയം 2021ൽ സ്ഥിതി മെച്ചപ്പേട്ടേക്കാം.

സർക്കാർ താഴ്ന്ന വരുമാനക്കാർക്ക് പണം നൽകാത്തതിനാൽ അവരുടെ ഉപഭോഗം വർദ്ധിച്ചില്ല. സ്വാശ്രയത്വം എന്ന വാക്ക് വളരെ കരുതലോടെ വേണം ഉപയോഗിക്കാൻ. ആവശ്യമുള്ളതെല്ലാം ആഭ്യന്തരമായി ഉത്പാദിപ്പിക്കുക എന്നത് തെറ്റായ ആശയമാണ്. നമ്മൾ മികച്ച് നിൽക്കുന്ന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്താണോ ആവശ്യം അത് മാത്രം ഇറക്കുമതി ചെയ്യണമെന്നും അഭിജിത് ബാനർജി പറഞ്ഞു.