സ്മൃതി ഇറാനി എവിടെ ?; സ്മൃതിയുടെ പഴയ രോഷം പങ്കുവച്ച് ചോദ്യമെറിഞ്ഞ് കോണ്‍ഗ്രസ്
ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസ് കൂട്ടബലാല്‍സംഗക്കേസില്‍ രാജ്യമെങ്ങും രോഷം കത്തി പടരുമ്പോള്‍ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിക്കുന്നത് ഒരാളെയാണ്. സ്മൃതി ഇറാനി എവിടെ? രാജ്യത്തെ നടുക്കിയ ബലാത്സംഗ കേസും തുടര്‍ന്നുണ്ടായ നീതി നിഷേധങ്ങളും അരങ്ങേറി മണിക്കൂറുകള്‍ പിന്നിട്ടിട്ടും യുപിയില്‍ നിന്നുള്ള എം.പിയും വനിതാക്ഷേമ മന്ത്രിയുമായ സ്മൃതി ഇറാനി പ്രതികരിക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ പ്രതിഷേധം പങ്കുവച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കരുത്തോടെ പ്രതികരിക്കുന്ന സ്മൃതിയുടെ ഇപ്പോഴത്തെ മൗനത്തെയാണ് കോണ്‍ഗ്രസ് യുവനേതാക്കള്‍ വിമര്‍ശിക്കുന്നത്. നിര്‍ഭയ സംഭവത്തില്‍ എന്റെ രക്തം തിളയ്ക്കുന്നു എന്ന ആക്രോശിച്ചായിരുന്നു അന്ന് സ്മൃതിയുടെ പ്രതിഷേധം. എന്നാല്‍ ഇന്ന് യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍ തന്റെ പേജിലേക്ക് ഷെയര്‍ ചെയ്താണ് രാജ്യം നടുങ്ങിയ സംഭവത്തില്‍ സ്മൃതി പ്രതികരിച്ചിരിക്കുന്നത്.
യു.പി.എ സര്‍ക്കാരിനെതിരെ സ്മൃതി നടത്തിയ പ്രതിഷേധം പങ്കുവച്ചാണ് സ്മൃതിയ്ക്കെതിരെ ചോദ്യങ്ങള്‍ ഉയരുന്നത്.
സംഭവത്തിൽ കനത്ത വിമര്‍ശനം ഉയര്‍ന്നതോടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു. ഹത്രാസ് കൂട്ടബലാല്‍സംഗത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മോദി നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു.