24 മണിക്കൂറിനുളളിൽ കൊവിഡ് ആശുപത്രി

Thursday 01 October 2020 1:55 AM IST

 300 കിടക്കകളുള്ള ആശുപത്രി സജ്ജമാകുന്നത് തണ്ണീർമുക്കത്ത്

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗികൾക്കായി 300 കിടക്കകളോട് കൂടിയ ആശുപത്രി സംവിധാനം ഒരുക്കുന്നു. നിലവിൽ നൂറ്‌ പേർക്കുളള കൊവിഡ് ഫസ്​റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ കരിക്കാട് പാരിഷ് ഹാളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സെന്ററിലെ മുഴുവൻ കിടക്കകളും നിറഞ്ഞതിനെ തുടർന്നാണ് പുതിയ ആശുപത്രി തുടങ്ങുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും കളക്ടറും പഞ്ചായത്തിനോട് അഭ്യർത്ഥിച്ചത്.

24 മണിക്കൂറിനുളളിൽ കെ.വി.എം എൻജിനീയറിംഗ് കോളേജിന്റെ അഡ്മിനിസ്‌ട്രേ​റ്റീവ് ബ്ലോക്കും ഇതിനോട് ചേർന്നുളള കിൻഡർ ഗാർഡനുമാണ് ഏറ്റെടുക്കുന്നത്. ഗ്രാമപഞ്ചായത്തിൽ സാമൂഹ്യ വ്യാപനം ഇല്ലെങ്കിലും ജില്ലയിലെ മ​റ്റ് സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് ചികിത്സയ്ക്കായി സൗകര്യമൊരുക്കാനാണ് പഞ്ചായത്ത് തയ്യാറായതെന്ന് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് പറഞ്ഞു. ദുരന്തനിവാരണ അതോറിട്ടിയുടെ ചുമതല വഹിക്കുന്ന സബ്കളക്ടർ അനുപം മിശ്ര സെന്ററിൽ എത്തി പഞ്ചായത്തിന് താക്കോൽ കൈമാറി. തഹസീൽദാർ ഉഷ, ചേർത്തല താലൂക്ക് ആശുപത്രി കൊവിഡ് നോഡൽ ഓഫീസർ ഡോ.പി.വിജയകുമാർ,പഞ്ചായത്ത് സെക്രട്ടറി അബ്ദുൽഖാദർ, അസി.എക്‌സിക്യുട്ടീവ് എൻജിനീയർ ഡിക്രൂസ് എന്നിവർ സെന്ററിൽ എത്തി. പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ചെയർമാനും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി കൺവീനറുമായുളള കമ്മിറ്റിയെയും തിരഞ്ഞെടുത്തു.