കണ്ണൂരിൽ ബി ജെ പി- സി പി എം സംഘർഷം; രണ്ട് പ്രവർത്തകർക്ക് വെട്ടേറ്റു
കണ്ണൂർ: ന്യൂമാഹിയിൽ ബി.ജെ.പി-സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ ശ്രീജിൽ, ശ്രീജിത്ത് എന്നീ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. തലയ്ക്ക് പരിക്കേറ്റ ഇരുവരേയും തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ബി.ജെ.പി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ബി.ജെ.പി പ്രവർത്തകരായ അഖിൽ, ലിനേഷ്, ലിതിൻ എന്നിവർക്കാണ് പരിക്കേറ്റത്.
ബി.ജെ.പി പ്രവർത്തകൻ പ്രസാദിന്റെ വീട് സി.പി.എമ്മുകാർ അടിച്ച് തകർത്തു. വീടിന് മുന്നിൽ നിർത്തിയിട്ട ഒരു ഓട്ടോയും ബൈക്കും തകർത്തു. സി.പി.എം ആണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സി.പി.എം-ബി.ജെ.പി സംഘർഷത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാദ്ധ്യത തടയാൻ സമീപപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.