രണ്ടിലയിൽ തീരുമാനം ഉടനറിയാം; പി ജെ ജോസഫിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ നടപടിയ്‌ക്കെതിരെ പി.ജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമ്മിഷൻ നടപടി ഒരുമാസത്തേക്ക് സ്റ്റേ ചെയ്ത കോടതി കേസ് ഇന്ന് പരിഗണിക്കുന്നതിന് മാറ്റുകയായിരുന്നു. വസ്‌തുതകളും തെളിവുകളും പരിശോധിക്കാതെ നിയമ വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്നാണ് പി.ജെ ജോസഫ് കോടതിയെ അറിയിച്ചത്.
കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പാർട്ടി ഭരണഘടന അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് ചെയർമാൻ താനാണന്നാണ് പി.ജെ ജോസഫ് കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളത്. 2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ തിരഞ്ഞടുത്തതായി ജോസ് കെ മാണി അവകാശപ്പെടുന്നത് ശരിയല്ല. യോഗത്തിനും തെരഞ്ഞടുപ്പിനും സാധുതയില്ലെന്നുള്ള സിവിൽ കോടതിയുടെ ഉത്തരവ് നിലവിലുണ്ടെന്നും പി.ജെ ജോസഫ് പറയുന്നു.
ചെയർമാനായി പ്രവർത്തിക്കുന്നതിൽ നിന്ന് ജോസ് കെ മാണിയെ കോടതി വിലക്കിയിട്ടുണ്ട്. ഈ ഉത്തരവ് അവഗണിക്കാനോ മറികടക്കാനോ തിരഞ്ഞെടുപ്പ് കമ്മീഷന് സാദ്ധ്യമല്ല. ഇരു കൂട്ടരും നൽകിയ പട്ടികയിൽ പൊതുവായുള്ള 305 അംഗങ്ങളെ കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ ഭൂരിപക്ഷ പരിശോധന നടത്തിയത് ശരിയല്ലെന്നും കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്നുമാണ് പി.ജെ ജോസഫിന്റെ ഹർജിയിൽ പറയുന്നത്.