രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു, ഉപദ്രവിച്ചത് മയക്കുമരുന്ന് നൽകി
ജയ്പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു. ബാരൻ ജില്ലയിൽ നിന്നുളള 15ഉം 13ഉം വയസുകാരായ പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ഉത്തർപ്രദേശിലെ ഹത്രാസിൽ19കാരിയെ കൂട്ട ബലാൽക്കാരം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുംമുമ്പാണ് പുതിയ സംഭവം പുറത്തുവന്നത്.
കഴിഞ്ഞമാസം 18നാണ് ചിലർചേർന്ന് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നുദിവസം കഴിഞ്ഞ് കോട്ട എന്ന സ്ഥലത്തുനിന്ന് പെൺകുട്ടികളെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവർ മയക്കുമരുന്ന് നൽകിയശേഷം പീഡിപ്പിച്ചു എന്നാണ് പെൺകുട്ടികൾ പറയുന്നത്.
പരാതി നൽകരുതെന്ന് പൊലീസിന്റെ മുന്നിൽവച്ചുപോലും പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും ഈ സമയം പൊലീസ് വെറും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നു. പ്രതികളിൽ രണ്ടുപേർക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വീട്ടുകാർ പറഞ്ഞു.
എന്നാൽ പെൺകുട്ടികൾ പീഡനത്തിനിരയായി എന്നത് ശരിയല്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം കുട്ടികൾ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.