തൃശൂരിൽ മാരകമയക്കുമരുന്ന് ഗുളികകളുമായി യുവാക്കൾ എക്സെെസ് പിടിയിൽ, അന്വേഷണം പ്രമുഖ ആശുപത്രികളിലേക്ക്
തൃശൂർ: ബെെക്കിൽ കടത്തിയ 500ഓളം മയക്കുമരുന്ന് ഗുളികകളുമായി യുവാക്കൾ എക്സെെസ് പിടിയിൽ. അതിമാരക മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട നൈട്രോ സെപാം ഗുളികകളുമായി സ്കൂട്ടറിൽ പാഞ്ഞ രണ്ട് യുവാക്കളെയാണ് തൃശ്ശൂർ എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.പ്രദീപ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്‌പെക്ടർ ടി.ആർ.ഹരിനന്ദനന്റെ നേതൃത്വത്തിൽ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.
മുകുന്ദപുരം കല്ലൂർ കൊല്ലക്കുന്ന് ദേശത്ത് കുന്നൻ വീട്ടിൽ ബെന്നി മകൻ സിയോൺ(26) , മുളയം വില്ലേജ് മുളയം ദേശത്ത് ചിറ്റേടത്ത് വീട്ടിൽ ആന്റണി മകൻ ബോണി (20) എന്നിവരാണ് അറസ്റ്റിലായത്.മയക്കുമരുന്ന് ഗുളികകൾ തൃശ്ശൂരിലെ ഒരു പ്രമുഖ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഷോപ്പിൽ നിന്നുമാണ് വാങ്ങിയതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രമുഖ ഡോക്ടർമാരുടെ കുറിപ്പടികളും മെഡിസിൻ ബില്ലുകളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ഗുളികകൾ ഉപയോഗിക്കുന്നവർക്കിടയിലെ സംഭാഷണങ്ങൾ പിടിയിലായവരുടെ ഫോണിൽ എക്സെെസിനു ലഭിച്ചു ."ഡാക്കളൊക്കെ പില്ലാ പൊരിക്കണേ എത്ര പില്ല് പൊരിക്കും എന്ന് ചോദിച്ചപ്പോ കൂടുതലാടിച്ചാ ലോസ്സാകും (മരിക്കും)" എന്നാണ് ഫോണിൽ നിന്നും ലഭിച്ച സന്ദേശം.
തൃശ്ശൂരിൽ എം.ഡി.എം.എ ,എൽ.എസ്.ഡി കൊഡിൻ, ഹാഷിഷ്, ബ്രൗൺ ഷുഗർ എന്നിവ ധാരാളമായ് പിടിക്കപ്പെടാറുണ്ടെങ്കിലും ഇത്ര അധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്നത് ആദ്യമായാണ്. ഒരു ഗുളിക 50 രുപ മുതൽ 200 രുപ വരെ വിലക്കാണ് ഇവർ വിൽക്കുന്നത്. 600ൽ അധികം കോളുകൾ ആണ് കസ്റ്റഡിയിൽ വച്ച് പ്രതികളുടെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ട് വന്നത്.മയക്കുമരുന്ന് വാങ്ങിയ സ്ഥാപനങ്ങളെ പറ്റി എക്സൈസ് അന്വേഷണം ആരംഭിച്ചു. പ്രമുഖ ആശുപത്രികൾ , മരുന്ന് വ്യാപാരം മെഡിക്കൽ ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. പ്രീവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ്കുമാർ, സജീവ് , ടി.ആർ സുനിൽ , ജെയ്സൻ ജോസ് , പി.എ വിനോജ് , കൃഷ്ണപ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.