ആ 'കഥ' കേൾക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും, ട്വന്റി 20 മാതൃകയിൽ വീണ്ടും സിനിമയൊരുങ്ങുന്നുവെന്ന് ഇടവേള ബാബു
മമ്മൂട്ടി,മോഹൻലാൽ,ജയറാം,ദിലീപ്,സുരേഷ് ഗോപി,പൃഥ്വിരാജ്,ഇന്ദ്രജിത്ത്, ഗോപിക,ഭാവന,കാവ്യ തുടങ്ങി മലയാള സിനിമയിലെ മിക്ക താരങ്ങളും അണിനിരന്ന സിനിമയാണ് ട്വന്റി 20. ആ ഹിറ്റ് സിനിമ ഇറങ്ങി വർഷങ്ങൾക്കിപ്പുറം താരങ്ങളെല്ലാം വീണ്ടും ഒരുമിക്കാൻ പോകുകയാണ്.
നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്വന്റി 20 മാതൃകയിൽ പുതിയൊരു സിനിമ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു. ചിത്രം നിർമ്മിക്കാനുള്ള ആദ്യഘട്ട ആലോചനകൾ നടന്നു വരുന്നതായി അദ്ദേഹം പറഞ്ഞു.
'ഈ വർഷം അമ്മയുടെ നേതൃത്വത്തിൽ ഒരു സ്റ്റേജ് ഷോ ചെയ്യാൻ ഏകദേശ ധാരണ ആയതായിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അത് നടക്കാൻ സാദ്ധ്യത ഇല്ലാത്തതുകൊണ്ടാണ് ചിത്രത്തെക്കുറിച്ച് ആലോചിക്കുന്നത്. ഈ സാഹചര്യത്തിന് പറ്റിയ രീതിയിലുള്ള സിനിമ ചെയ്യാൻ വേണ്ട ഒരു പ്രോജക്ട് സമർപ്പിക്കാൻ അമ്മയുടെ യോഗത്തിൽ ധാരണയായിരുന്നു. അമ്മയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇപ്പോൾ ഒരു സിനിമ ചെയ്യുകയാണെകിൽ അത് ഓ.ടി.ടി പ്ലാറ്റ്‌ഫോമിൽ വിൽക്കാൻ കഴിയും.'-അദ്ദേഹം പറഞ്ഞു.
സംവിധായകൻ ടി.കെ രാജീവ് കുമാറിന്റെ കയ്യിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ചിത്രീകരിക്കാൻ പറ്റിയ ഒരു കഥയുണ്ടെന്ന് മോഹൻലാൽ പറഞ്ഞിരുന്നതായി ഇടവേള ബാബു വെളിപ്പെടുത്തി.എല്ലാവരും കൂടി കഥ കേൾക്കാൻ ഉള്ള ഒരുക്കത്തിലാണ്. വൈകാതെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.