വി.സി നിയമനം: മതധ്രുവീകരണത്തിന് സർക്കാർ ശ്രമമെന്ന് കെ. സുരേന്ദ്രൻ
തൃശൂർ: ശ്രീനാരായണഗുരു സർവകലാശാല വി.സി നിയമനത്തിലൂടെ മത ധ്രുവീകരണത്തിന് സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. പാർട്ടി തൃശൂരിൽ പാലക്കാട്, കോഴിക്കോട് മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ വർഗീയ കാർഡ് ഇറക്കുകയാണ്. യു.ജി.സിയുടെ പ്രാഥമിക യോഗ്യത പോലുമില്ലാത്തയാളെയാണ് സർവകലാശാലയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗുരുദേവ തത്വദർശനം അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ എന്ന് തിരിച്ചറിയാനാകാത്ത ആളാണ് ജലീലിന്റെ നോമിനിയെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ദീപം തെളിച്ചു. മേഖലാ പ്രസിഡന്റ് ബി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറിമാരായ എം.ടി. രമേശ്, പി. സുധീർ, വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ്ണ, വക്താക്കളായ അഡ്വ. ബി. ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു.