'എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു': 'അമ്മ'യിൽ നിന്നും രാജിവച്ച് പാർവതി തിരുവോത്ത്

Monday 12 October 2020 6:23 PM IST

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും രാജിവച്ച് നടിയും ഡബ്‌ള്യു.സി.സി അംഗവുമായ പാർവതി തിരുവോത്ത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നടി ഇക്കാര്യം അറിയിച്ചത്. 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട ശേഷമാണ് താൻ ഈ തീരുമാനം എടുത്തതെന്നും ഇതോടെ സംഘടനയിൽ എന്തെങ്കിലും മാറ്റം വരുമെന്ന പ്രതീക്ഷ താൻ ഉപേക്ഷിക്കുകയാണെന്നും നടി വിശദീകരിക്കുന്നു. 'സംഘടന തഴഞ്ഞ ഒരു വനിതാ അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ട് അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാ'വുന്നതല്ല എന്നും പാർവതി ചൂണ്ടിക്കാട്ടുന്നു. ഇടവേള ബാബുവിന്റെ 'അറപ്പുളവാക്കുന്ന മനോഭാവത്തോടു തനിക്ക് പുച്ഛമാണ്' ഉള്ളതെന്നും പാർവതി വ്യക്തമാക്കുന്നുണ്ട്. ഒപ്പം സംഘടനയിൽ നിന്നും ഇടവേള ബാബു രാജി വയ്ക്കണം എന്നും പാർവതി നിലപാടെടുക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.

പാർവതി തിരുവോത്ത്‌.'