അശ്ലീല യൂട്യൂബറെ മർദ്ദിച്ച കേസ്; ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Tuesday 13 October 2020 7:10 AM IST

തിരുവനന്തപുരം: യൂ ട്യൂബിലൂടെ അശ്ളീല പരാമർശം നടത്തിയ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഭാഗ്യലക്ഷ്മിയെ കൂടാതെ ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് ഹർജി നൽകിയത്.

വിജയ് പി. നായരുടെ മുറിയിൽ അതിക്രമിച്ച് കയറി മർദ്ദിച്ചിട്ടില്ലെന്നും, പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ്‌ പോയതെന്നും, എന്നാൽ വിജയ് പി നായർ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹർജിയിൽ പറയുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും, അത് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം ജില്ലാ കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിജയ് പി.നായരുടെ പരാതിയിൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് പൊലീസ് ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടർക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 26ന് വൈകിട്ടാണ് വിജയ് പി നായരെ ഇവർ മർദ്ദിച്ചത്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ പെരുമാറിയതെന്ന് ഭാഗ്യലക്ഷ്മിയും സംഘവും മുമ്പ് പറഞ്ഞിരുന്നു.