സംഘടനയിൽ ഇല്ലാത്തയാളെ അഭിനയിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞതാണ് കാരണം, ആരെ അഭിനയിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് സിനിമ നിർമ്മിക്കുന്നവരല്ലേ?
അമ്മ സംഘടനയിൽ നിന്ന് നടി പാർവതി രാജിവച്ചതിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലെന്നതു പോലെ സംഘടനയിൽ ഇല്ലാത്തയാളെ അഭിനയിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞതാണ് രാജിവയ്ക്കാൻ കാരണമെന്നും, ആരെ അഭിനയിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് സിനിമ നിർമ്മിക്കുന്നവരല്ലേയെന്നും അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.
'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് സംഘടനയിൽ നിന്നും പാർവതി തിരുവോത്ത് രാജിവച്ചത്.ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നടി ഇക്കാര്യം അറിയിച്ചത്. 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട ശേഷമാണ് താൻ ഈ തീരുമാനം എടുത്തതെന്നും ഇതോടെ സംഘടനയിൽ എന്തെങ്കിലും മാറ്റം വരുമെന്ന പ്രതീക്ഷ താൻ ഉപേക്ഷിക്കുകയാണെന്നും നടി വിശദീകരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കമലിനെതിരായ ആരോപണത്തിൽ സഹായം ലഭിക്കാഞ്ഞിട്ടാണോ രാജി? അല്ല. അലൻസിയറിനെതിരായ ആരോപണത്തിൽ? അല്ല. വിനായകനെതിരായ? അല്ല. സിനിമാരംഗത്തെ ലഹരി ഉപയോഗം നിയന്ത്രിക്കാത്തതുകൊണ്ട്? അല്ല. സിനിമകളിലെ സ്ത്രീവിരുദ്ധ രംഗങ്ങളിൽ പ്രതിഷേധിച്ച്? അല്ല. പിന്നെ? ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടിട്ട്. ങേ? മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലെന്നതു പോലെ സംഘടനയിൽ ഇല്ലാത്തയാളെ അഭിനയിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞതാണ് കാരണം. ആരെ അഭിനയിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് സിനിമ നിർമ്മിക്കുന്നവരല്ലേ? അല്ല, ഞാൻ. പ്രസ്തുത ആൾ അടുത്തകാലം വരെ സംഘടനയിൽ ഉണ്ടായിരുന്നോ? ഇല്ല. ഇല്ലാത്ത സമയത്ത് അവരെ സംഘടന അഭിനയിപ്പിച്ചിരുന്നോ? ഇല്ല. പിന്നെ ഇപ്പോൾ? ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടിട്ട്. ങേ? ആ... ഓക്കെ. എന്നാണ് സംസ്ഥാന അവാർഡ് പ്രഖ്യാപനം? നാളെ. ങേ? ആ...
;