'ചന്ദ്രിക"യുടെ നിലപാട് പാലാരിവട്ടം പാലം കടക്കാൻ : തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: പ്രതിപക്ഷ മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക" എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയ്ക്ക് എതിരെ നിരത്തിയ വിഷം നിറഞ്ഞ വാക്കുകൾ ഭരണകക്ഷിയെ സുഖിപ്പിക്കുന്ന മുതലെടുപ്പ് രാഷ്ടീയത്തിന്റെ ഭാഗമാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർവെള്ളാപ്പള്ളി പ്രസ്താവിച്ചു.
അഴിമതിയിൽ മുങ്ങിയ ഇബ്രാഹിം കുഞ്ഞ് പാലാരിവട്ടം പാലം കടക്കുവോളം ലീഗിന്റെ ഈ സഹകരണ രാഷ്ട്രീയം തുടരും. കേരളത്തിൽ യോഗ്യതയുള്ള ആളുകൾ ഉണ്ടെന്നിരിക്കെ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലേക്ക് വൈസ് ചാൻസലറെ ഇറക്കുമതി ചെയ്ത നടപടി മുസ്ലിം ലീഗ് അംഗീകരിക്കുന്നുവെങ്കിൽ, ജലീൽ നേരിടുന്ന എല്ലാ ഇറക്കുമതി അന്വേഷണങ്ങളിലും മുസ്ലിംലീഗിന്റെ മൗനാനുവാദം ഉണ്ടെന്നു കൂടി വിശ്വസിക്കേണ്ടിയിരിക്കുന്നു.
ഭരണകക്ഷിയിലെ ഒരു മന്ത്രിയെ വിമർശിച്ചപ്പോൾ, പ്രതിപക്ഷത്ത് ഒരു മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ കക്ഷി അവരുടെ പാർട്ടി പത്രത്തിൽ എഡിറ്റോറിയലിൽ മുഴുവൻ ചർദ്ദിച്ചു വച്ചിരിക്കുന്നത് പരസ്പര ധാരണയിലുള്ള വർഗീയതയാണ്.പത്രവായനക്കാരും ഭൂരിപക്ഷ മതേതര വിശ്വാസികളുംഇത്തരം അവിശുദ്ധ കൂട്ടുകെട്ട് വിലയിരുത്തണം. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലായെന്ന് ജനാധിപത്യത്തെ വെല്ലുവിളിക്കാനുള്ള ജലീലിന്റെ ധൈര്യം മുസ്ലിം ലീഗിന്റെ പിന്തുണ കൂടി ഉള്ളതുകൊണ്ടാണ്.
പാലാരിവട്ടം അഴിമതി കേസിൽ നിന്ന് തലയൂരാൻ മുസ്ലിം ലീഗിന് ഭരണപക്ഷ സ്വാധീനത്തിനുള്ള പാലം പണിയുന്നത് ജലീലാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും തുഷാർ ചൂണ്ടിക്കാട്ടി.