ജോസിനെ സ്വാഗതം ചെയ്‌ത് പിണറായി; എൽ ഡി എഫ് യോഗം തീരുമാനമെടുക്കുമെന്ന് വിജയരാഘവൻ

Wednesday 14 October 2020 12:32 PM IST

തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുളള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ഇടതുപക്ഷമാണ് ശരിയെന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യു.ഡി.എഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുളള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വരാൻ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് എൽ.ഡി.എഫ് കൺവീനർ വിജയരാഘവനും പ്രതികരിച്ചു. ഘടകകക്ഷികളുമായി ഇക്കാര്യം ചർച്ച ചെയ്യും. എൽ.ഡി.എഫ് യോഗം ചേർന്ന് തീരുമാനമെടുക്കും. രാഷ്ട്രീയമായ കാര്യങ്ങളാണ് ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചത്. സർക്കാരിന്റെ മികവാർന്ന പ്രവർത്തനവും ആനുകാലിക രാഷ്ട്രീയവുമാണ് ജോസ് സംസാരിച്ചത്. പാലാ സീറ്റിനെപ്പറ്റിയല്ല ഇപ്പോഴത്തെ ചർച്ച. എം.എം ഹസൻ പറയുന്നതിന് മറുപടി പറയാൻ പറ്റില്ലെന്നും വിജയരാഘവൻ പറഞ്ഞു.