ജോസ് കെ മാണിയെ ബ്ലാക്ക്മെയിൽ ചെയ്‌തു; ബാർക്കോഴ മാത്രമല്ല മറ്റ് രണ്ട് കേസുകൾ കൂടി, വെളിപ്പെടുത്തൽ

Wednesday 14 October 2020 3:14 PM IST

തിരുവനന്തപുരം: ഇടതുമുന്നണി ജോസ് കെ മാണിയെ അഴിമതി കേസുകൾ വച്ച് ബ്ലാക്ക്മെയിൽ ചെയ്താണ് മുന്നണി മാറ്റിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബാർക്കോഴ കേസ് മാത്രമല്ല ഒരു ഫാക്‌ടറിയുമായി ബന്ധപ്പെട്ട കേസും മാർക്കറ്റിം​ഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോ​ഗിച്ചാണ് സി.പി.എം കേരളാകോൺ​ഗ്രസിനെ ബ്ലാക്ക്മെയിൽ ചെയ്തത്. മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് പിണറായി വിജയൻ. ഇപ്പോൾ നോട്ടെണ്ണൽ യന്ത്രം പിണറായി വിജയന് ആവശ്യമായതിനാലാണോ കേരളാകോൺ​ഗ്രസ് ഇടതുമുന്നണിയിലെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാലാരിവട്ടം കേസ് ഉൾപ്പടെയുള്ള മുസ്ലിംലീ​ഗിന്റെ എല്ലാ അഴിമതി കേസുകളും അട്ടിമറിച്ച് അവരെ കൂടി ഇടതുമുന്നണിയിൽ ചേർക്കുന്നത് എന്നാണെന്നാണ് ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നത്. ബാർക്കോഴ കേസ് തേയ്ച്ചുമായ്ച്ചു കളയാനാവില്ല. നിയമസഭാ രേഖകളിൽ പരാമർശിച്ച വലിയ അഴിമതി കേസാണത്. രാഷ്ട്രീയമായി ആരെ വേണമെങ്കിലും ഭരണപക്ഷത്തിന് കൂടെ നിർത്താം പക്ഷെ അഴിമതി കേസുകൾ അട്ടിമറിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളകോൺ​ഗ്രസ് യു.ഡി.എഫ് വിട്ടതോടെ മദ്ധ്യകേരളത്തിലും മദ്ധ്യതിരുവിതാംകൂറിലും കോൺ​ഗ്രസ് ദുർബലമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇവിടെ മത്സരം ഇടതുമുന്നണിയും എൻ.ഡി.എയും തമ്മിലായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.