മുന്നണി പ്രവേശനം ഒരാഴ്‌ചക്കുളളിൽ; കൂടുതൽ മുൻഗണന യു ഡി എഫിനെന്ന് പി സി ജോർജ്
തിരുവനന്തപുരം: മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്‌ചക്കുളളിൽ തീരുമാനമെടുക്കുമെന്ന് പി.സി ജോർജ് എം.എൽ.എ. പല മുന്നണികളുമായും ചർച്ചകളുണ്ട്. യു.ഡി.എഫിനാണ് കൂടുതൽ മുൻഗണന നൽകുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കും. നിലവിൽ പല വാർഡുകളിലും ജനപക്ഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഭൂരിപക്ഷമുളള നൂറ് ശതമാനം വിജയസാദ്ധ്യതയുളള സീറ്റുകളിൽ പ്രഖ്യാപിക്കപ്പെട്ടവർ തന്നെ മത്സരിക്കും. അത്തരം സീറ്റുകൾ ഏത് സാഹചര്യത്തിലും വിട്ടുനൽകില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി.
പാലായിലും കാഞ്ഞിരപ്പളളിയിലും പൂഞ്ഞാറിലും ആര് ജയിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് കഴിഞ്ഞദിവസം പി.സി ജോർജ് കേരളകൗമുദി ഓൺലൈനിനോട് വ്യക്തമാക്കിയിരുന്നു. ജനപക്ഷത്തിന് വളരെയധികം സ്വാധീനമുളള മണ്ഡലങ്ങളാണ് ഈ മൂന്നും. യു.ഡി.എഫിലേക്ക് പോകാൻ തങ്ങൾ തയ്യാറാണ്. പാർട്ടിയിലെ വലിയൊരു വിഭാഗം ആളുകളും അക്കാര്യം ആവശ്യപ്പെടുന്നുണ്ട്. മുന്നണി പ്രവേശനത്തിനുളള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ്. നേതൃത്വമാണ്. മുന്നണിയിലേക്ക് പോകണമെന്ന് കരുതി ആരുടേയും കാലുപിടിക്കാൻ തന്നെ കിട്ടില്ലെന്നും പി.സി ജോർജ് വെളിപ്പെടുത്തിയിരുന്നു.
പാർട്ടിയിലെ ഒരു വിഭാഗം എൻ.ഡി.എ മുന്നണിയിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണെന്നും അതിനാൽ ഏത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനം എടുക്കുമെന്നുമാണ് പി.സി ജോർജ് പറഞ്ഞത്. പൂഞ്ഞാറിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. ഇരുമുന്നണികളെയും നേരിട്ട് സ്വതന്ത്രമായാണ് താൻ വിജയിച്ചത്. അവിടെ മറ്റ് ഭീഷണികളൊന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.