'ആരും വെടിവയ്ക്കില്ല' സുരക്ഷ സേനയ്ക്ക് മുന്നിൽ ഭീകരന്റെ കീഴടങ്ങൽ, വീഡിയോ
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരൻ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി. ഇയാളിൽ നിന്ന് എകെ 47 തോക്ക് കണ്ടെടുത്തു. ഭീകരൻ കീഴടങ്ങുന്ന വീഡിയോ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ജഹാംഗീർ ഭട്ട് എന്നയാളാണ് കീഴടങ്ങിയത്.
വീഡിയോയിൽ സൈനികരെയും ഭീകരനെയും കാണാം. ഭീകരൻ കൈകൾ ഉയർത്തിപ്പിടിച്ച് സൈനികന്റെ അടുത്തേക്ക് വരുന്നു, ആരും വെടിവയ്ക്കുകയില്ലെന്ന് സൈനികർ പറയുന്നത് കേൾക്കാം. അവന് വെള്ളം കൊടുക്കൂ എന്നും പറയുന്നു.
മകനെ ഭീകരരുടെ സംഘത്തിൽ നിന്ന് രക്ഷിച്ചതിന് ജഹാംഗീറിന്റെ പിതാവ് സുരക്ഷാ സേനയോട് നന്ദി പറയുന്ന മറ്റൊരു വീഡിയോയും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. 'അവനെ വീണ്ടും ഭീകക്കൊപ്പം പോകാൻ അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥർ പിതാവിനോട് പറഞ്ഞു.
ഒക്ടോബർ 13 നാണ് ചദൂരയിൽ നിന്നുള്ള ജഹാംഗീർ ഭട്ടിനെ കാണാതായത്. കുടുംബം ഇയാളെ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒരു സംയുക്ത ഓപ്പറേഷനിൽ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു, പ്രോട്ടോക്കോൾ അനുസരിച്ച്, ഇന്ത്യൻ സൈന്യം വ്യക്തിയെ കീഴടങ്ങാൻ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. ജഹാംഗീർ കീഴടങ്ങി'-സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റിൽ നടന്ന ഏറ്റുമുട്ടലിൽ ജമ്മു കാശ്മീരിലെ ഷോപിയൻ ജില്ലയിലെ കിലൂറ ഗ്രാമത്തിൽ ഒരു തീവ്രവാദി കീഴടങ്ങിയിരുന്നു.
വീഡിയോ കടപ്പാട്: എൻഡിടിവി