ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സാധാരണക്കാർ മാത്രമല്ല ബോളിവുഡ് സുന്ദരിമാരും, തട്ടിപ്പുകൾ തകൃതി

Saturday 17 October 2020 8:50 PM IST

ഭോപ്പാല്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ബോളിവുഡ് സുന്ദരിമാരായ ദീപിക പദുകോണും ജാഖ്വിലിന്‍ ഫെര്‍ണാണ്ടസും തൊഴിലാളികളെന്ന് രേഖ. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ജോലിക്കാരുടെ ജോബ് കാര്‍ഡിലാണ് ഇവരുടെ പേര് ഉള്‍പ്പെടുത്തുന്നത്.

അതിന് പുറമെ, ജൂണിലും ജൂലായ് മാസത്തിലും ഇരുവര്‍ക്കും ശമ്പളം നല്‍കിയതായും രേഖയില്‍ കാണിക്കുന്നു. സമാനമായി 10 ലധികം താരങ്ങളുടെ ചിത്രം ഉപയോഗിച്ച് ജിര്‍നിയ പഞ്ചായത്തിലെ ഗ്രാമത്തില്‍ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നിരവധി വ്യാജ കാര്‍ഡുകള്‍ വഴി ലക്ഷക്കണക്കിന് പണം നഷ്ടമായതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദീപികയുടെ ചിത്രമുള്ള സോനു ശാന്തിലാലിന് ഓട നിര്‍മ്മിക്കുന്നതിനാണ് പണം നല്‍കിയിരിക്കുന്നത്. കാര്‍ഡില്‍ പേരുള്ളവരെ തേടിപിടിച്ചപ്പോള്‍ തങ്ങള്‍ ഒരു ദിവസത്തെ ശമ്പളം പോലും കൈപ്പറ്റിയിട്ടില്ലെന്നാണ് പറയുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് സി.ഇ.ഒ പറഞ്ഞു.


പദം, ഉംറാവു എന്നിവര്‍ക്ക് ലഭിച്ച ഓണ്‍ലൈന്‍ എന്‍.ആര്‍.ജി.എ ജോബ് കാര്‍ഡുകളിലാണ് ജാക്വിലിന്റെ ഫോട്ടോ ഉണ്ടായിരുന്നത്. രണ്ടുപേര്‍ക്കും അവരുടെ യഥാര്‍ത്ഥ ഫോട്ടോകളുള്ള എന്‍.ആര്‍.ജി.എ കാര്‍ഡുകള്‍ കൈവശമുണ്ട്. അതിന് പുറമെ ഈ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് എം.ജി.എന്‍.ആര്‍.ജി.എയുടെ കീഴില്‍ അവര്‍ ജോലി ചെയ്യുന്നതും.