ഹിന്ദു ഐക്യവേദി നേതാവിനേയും മകനേയും വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ
പുനലൂർ: ഹിന്ദു ഐക്യവേദി പുനലൂർ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായ ഇടമൺ മരുതിമൂട്ടിൽ വീട്ടിൽ ഇടമൺ റെജിയെയും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകനെയും വടി വാൾ ഉപയോഗിച്ചു കൈക്കും തലക്കും വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിലായി. കർണ്ണാടകയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആറ് പ്രതികളെ തെന്മല പൊലീസാണ് അറസ്റ്റു ചെയ്തത്. ഇടമൺ പറങ്കിമാംവിള വീട്ടിൽ ഷാനവാസ് (36), ഇടമൺ റെയിവെ സ്റ്റേഷന് സമീപം കൊല്ലനഴികത്ത് വീട്ടിൽ പൈങ്കിളി എന്ന ഷറഫുദ്ദീൻ (37), ഇടമൺ റെയിവെ സ്റ്റേഷന് സമീപം പറങ്കിമാംവിള വീട്ടിൽ വാവ എന്ന് വിളിക്കുന്ന സജയ്ഖാൻ (25), ഇടമൺ റെയിവെ സ്റ്റേഷന് സമീപം കൊല്ലനഴികത്ത് വീട്ടിൽ നിജാം എന്ന് വിളിക്കുന്ന നിജാമുദ്ദീൻ (25) ഇടമൺ വാഴവിള സുജ വിലാസത്തിൽ അഭിലാഷ് (33) ഇടമൺ കനാൽ പുറംമ്പോക്കിൽ അനീഷ് (32) എന്നിവരെ തെന്മല സി.ഐ. എം.വിശ്വംഭരൻ, എസ്.ഐ. ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ആഗസ്റ്റ് മാസത്തിൽ ഇടമൺ വലത് കര കനാൽ റോഡിലെ പാറക്കടവിൽ വച്ചായിരുന്നു സംഭവം. റെജിയുടെ ഇളയ സഹോദരന്റെ ഭാര്യയെ വാൾ ഉപയോഗിച്ചു ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതികൾ വടിവാൾ ഉപയോഗിച്ചു റെജിയേയും മകനെയും വെട്ടി മാരകമായി പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം വാഴവിള സ്വദേശിയുടെ സഹായത്തോടെ പ്രതികൾ കർണ്ണാടകയിലേക്ക് കടന്നു. തെന്മല പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.ജയകുമാർ, സി.പി.ഒമാരായ പ്രദീപ്, അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ആറ് പ്രതികളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ ഇടമണിൽ പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.