കോടതിയെ പോലും ഞെട്ടിച്ച ക്രൂരത, അമേരിക്ക 67 വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നു
Sunday 18 October 2020 8:30 AM IST
ന്യൂയോർക്ക്: 67 വർഷങ്ങൾക്ക് ശേഷം അമേരിക്ക ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു.ഗർഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, അവരുടെ വയറുകീറി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് ലിസ മോൺഗോമറി എന്ന സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ചത്. മിസോറിയിൽ 2004ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
2020 ഡിസംബർ എട്ടിനാണ് വധശിക്ഷ നടപ്പാക്കുക. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.മാനസികവിഭ്രാന്തി മൂലമാണ് കുറ്റം ചെയ്തതെന്നും, അതിനാൽ വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി.
1953ലാണ് ഇതിനുമുമ്പ് അമേരിക്കയിൽ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കിയത്. ബോണി ഹെഡിയാണ് യു.എസിൽ ഒടുവിൽ വധശിക്ഷയ്ക്ക് വിധേയയായ സ്ത്രീ. തട്ടിക്കൊണ്ടു പോകുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്കായിരുന്നു അവർക്ക് വധശിക്ഷ നൽകിയത്.