നയൻതാര വീണ്ടും മലയാള സിനിമയിലേക്ക്! ത്രില്ലർ സിനിമയിൽ നായകൻ കുഞ്ചാക്കോ ബോബൻ

Sunday 18 October 2020 12:54 PM IST

നയൻതാര വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴല്‍' ആണ് നടിയുടെ പുതിയ മലയാള ചിത്രം. കുഞ്ചാക്കോ ബോബനാണ് നായകൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം അറിയിച്ചത്.

ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെയ്‍ലോഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'നിഴലി'നുണ്ട്.