ചൈനയും പാകിസ്ഥാനും ഇനി ഇന്ത്യയെ കൂടുതൽ ഭയക്കും: ബ്രഹ്മോസ് നാവികപ്പതിപ്പിന്റെ പരീക്ഷണം പൂർണ വിജയം
ബംഗളൂരു: മാരകപ്രഹരശേഷിയുളള തദ്ദേശീയ നിർമ്മിത സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം പൂർണ വിജയം. യുദ്ധക്കപ്പലായ ഐ എൻ എസ് ചെന്നൈയിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. ഡി ആർ ഡി ഒ ട്വിറ്ററിലൂടെയാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം പുറത്തുവിട്ടത്. അറബിക്കടലിലെ ലക്ഷ്യം മിസൈൽ കൃത്യമായി ഭേദിച്ചതായും ഡി ആർ ഡി ഒ വ്യക്തമാക്കി. പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഉപരിതല ആക്രമണത്തിനുളളതാണ് പരീക്ഷിച്ച മിസൈൽ.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആർ ഡി ഒ ആണ് മിസൈൽ വികസിപ്പിച്ചത്. അടുത്തിടെ ബ്രഹ്മോസ് മിസൈലിന്റെ തദ്ദേശീയമായി നിർമ്മിച്ച ബൂസ്റ്റർ ഉപയോഗിച്ചുളള പരീക്ഷണവും വിജയകരമായിരുന്നു. അന്ന് 400 കിലാേമീറ്റർ അകലെയുളള ലക്ഷ്യം ഭേദിച്ചായിരുന്നു മിസൈൽ പരീക്ഷണം വിജയിച്ചത്. 290 കിലോമീറ്ററായിരുന്നു ഈ മിസൈലന്റെ ദൂരപരിധി. പിന്നീട് പരിഷ്കരിച്ച് ദൂരപരിധി വർദ്ധിപ്പിക്കുകായിയിരുന്നു.
ബ്രഹ്മോസിന്റെ പരീക്ഷണം ചൈനയ്ക്കും പകിസ്ഥാനുമുളള ശക്തമായ മുന്നറിയിപ്പാണെന്നാണ് വിലയിരുത്തുന്നത്. നേരത്തേ ചൈനയുമായുളള അതിർത്തിക്ക് സമീപത്ത് ഇന്ത്യ ബ്രഹ്മോസ് ഉൾപ്പടെയുളള മിസൈലുകൾ വിന്യസിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യൻ സൈന്യം ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് കഴിഞ്ഞദിവസം നടത്തിയ ഒരു അഭിമുഖത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒരുതുണ്ട് ഭൂമിപോലും ആർക്കും കൈക്കലാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.