പ്രളയത്തില്‍ മുങ്ങി ഹൈദരാബാദ്; മരണ സംഖ്യ 50 ആയി; 21 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്
ഹൈദരാബാദ്: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഹൈദരാബാദില്‍ കനത്ത നാശനഷ്ടം. മഴക്കെടുതിയെ തുടര്‍ന്ന് ഇതുവരെ 50 പേരാണ് മരണപ്പെട്ടത്. ഒക്ടോബര്‍ 21 വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മംഗല്‍ഹട്ട് മേഖലയില്‍ മതില്‍ തകര്‍ന്നു വീണതിനെത്തുടര്‍ന്നും മലക്ക്‌പേട്ടില്‍ 50 വയസുകാരന്‍ വൈദ്യുതാഘാതത്തെത്തുടര്‍ന്നും മരണപ്പെട്ടു. ജി.എച്ച്.എം.സിയുടെ രക്ഷാപ്രവര്‍ത്തകരും എന്‍.ഡി.ആര്‍.എഫുമാണ് ദുരന്ത ബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിന്നും ഇതുവരെ 2500 പേരെ രക്ഷപെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതില്‍ 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ബാലാപൂര്‍ തടാകം കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ പ്രാവശ്യമാണ് തടാകം കരകവിഞ്ഞൊഴുകുന്നത്.
എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദ്ദുദീന്‍ ഒവൈസിയും പോലീസ് കമ്മീഷ്ണര്‍ അജനി കുമാറും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചില പ്രദേശങ്ങളില്‍ 150 മില്ലീ മീറ്ററില്‍ അധികമാണ് മഴ പെയ്തത്. ഇതുവരെ 5000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്കുകൂട്ടല്‍.