ഗ്രാനൈറ്റിന്റെ മറവിൽ കടത്തിയത് പുകയില ഉത്പന്നങ്ങൾ
Monday 19 October 2020 5:28 AM IST
ഇരിട്ടി: ഗ്രാനൈറ്റിന്റെ മറവിൽ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന ഏഴു ചാക്ക് പുകയില ഉത്പന്നങ്ങൾ ഇരിട്ടി പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ നടുവനാട് സ്വദേശി രമ്യ നിവാസിൽ രജിലേഷിനെ പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റുചെയ്തു. ലോറിയിലുണ്ടായിരുന്ന ക്ലീനർ ശിവപുരം സ്വദേശി ഹാരിസ് ഓടി രക്ഷപ്പെട്ടു. എസ്.ഐയുടെ നേതൃത്വത്തിൽ കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. നിറയെ ഗ്രാനൈറ്റുമായി എത്തിയ ലോറിയിൽ ഗ്രാനൈറ്റുകൾക്കിടയിൽ 7 ചാക്കുകളിലായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ഹാൻസ് വിഭാഗത്തിൽപെട്ട കേരളത്തിൽ നിരോധനമുള്ള 10,500 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ. കർണ്ണാടകത്തിൽ ചെറിയ വിലയ്ക്ക് ലഭിക്കുന്ന ഇവ കേരളത്തിൽ വലിയ വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്.