ഇന്ത്യയിൽ ആദ്യമായി 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ ജിയോ: വില 3000ത്തിനും താഴെ, കമ്പനി ലക്ഷ്യം വയ്ക്കുന്നത് 2ജി യൂസേഴ്സിനെ
അധികം വൈകാതെ തന്നെ ഇന്ത്യയിൽ 5ജി ഫോണുകൾ പുറത്തിറക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോ. 5000 രൂപയ്ക്ക് താഴെ വിലവരുന്ന 5ജി സ്മാർട്ട്ഫോണുകളാണ് തങ്ങൾ വിൽപ്പന ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വൻതോതിൽ ഉത്പാദനം ആരംഭിക്കുമ്പോൾ ഫോണുകളുടെ വില 3000 മുതൽ 2500 രൂപ വരെ കുറയുമെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാതെ ഒരു കമ്പനി വക്താവ് പറയുന്നു.
നിലവിൽ രാജ്യത്ത് 2ജി നെറ്റ്‌വർക്ക് കണക്ഷനുകൾ ഉപയോഗിക്കുന്ന 20 മുതൽ 30 കോടി വരെ വരുന്ന സ്മാർട്ട്ഫോൺ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം പറയുന്നു. നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള സ്മാർട്ടഫോണുകൾക്ക് 27,000 രൂപയ്ക്ക് മേൽ വിലയുള്ള വേളയിലാണ് കമ്പനി വക്താവ് ഇങ്ങനെയൊരു വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് കമ്പനി അധികൃതർ ഇനിയും പ്രതികരിച്ചിട്ടില്ല.
5ജി നെറ്റ്‌വർക്കിന് ആവശ്യവുമായ ഉപകരണങ്ങൾ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളിലാണ് നിലവിൽ കമ്പനി. 5ജി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തുന്നതിനായി സ്പെക്ട്രം അനുവദിച്ചു നൽകണമെന്ന് ജിയോ ഇന്ത്യൻ ടെലികോം വകുപ്പിനോട് ആവശ്യപെട്ടിട്ടുണ്ട്. ഈ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിനാണ് ജിയോ ഇക്കാര്യം ആവശ്യപ്പെട്ടിരികുന്നത്. കേന്ദ്രം ഈ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2016ൽ ഇന്ത്യയിൽ ആദ്യമായി 4ജി നെറ്റ്വർക്ക് കൊണ്ടുവന്നത് ജിയോ ആയിരുന്നു.