'ഐറ്റ'ത്തിൽ കുടുങ്ങി മദ്ധ്യപ്രദേശ് കോൺഗ്രസ്, മന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ കമൽനാഥിനെതിരെ പ്രതിഷേധം ശക്തം
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബി ജെ പി വനിതാമന്ത്രി ഇമ്രതി ദേവിയെക്കുറിച്ച് ലൈംഗികച്ചുവയുളള പരാമർശം നടത്തിയതിന്റെ പേരിൽ കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസം ഗ്വാളിയോറിൽ നടന്ന പൊതുയോഗത്തിനിടെ മന്ത്രിയെ 'ഐറ്റം' എന്നുവിളിച്ചതാണ് പ്രശ്നമായത്. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പടെയുളള നേതാക്കൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രം കോൺഗ്രസിനുളളതെന്നും അതിന് തെളിവാണ് കമൽനാഥിന്റെ പരാമർശം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തേയും ചില കോൺഗ്രസ് നേതാക്കൾ കോൺഗ്രസിലെ തന്നെ വനിതാ നേതാക്കളെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖർ ഉൾപ്പടെ നിരവധിപേർ പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
തനിക്കെതിരെ മോശം പരാമർശം നടത്തിയ കമൽനാഥിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് മന്ത്രി ഇമ്രതി ദേവി സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു. 'സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇത്തരക്കാർക്ക് സംസ്ഥാനത്ത് തുടരാൻ അർഹതയില്ല. സോണിയാഗാന്ധി ഒരു സ്ത്രീയും അമ്മയുമാണ്. അവരുടെ മകളെക്കുറിച്ചാണ് ആരെങ്കിലും ഇങ്ങനെ പറഞ്ഞതെങ്കിൽ ക്ഷമിക്കുമായിരുന്നോ?'- ഇമ്രതി ചോദിച്ചു.
എന്നാൽ സംഭവത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല . സംസ്ഥാനത്ത് കോൺഗ്രസ് വിലകുറഞ്ഞ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ആരോപണവുമായി ബി ജെ പി നേരത്തേ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് കമൽനാഥിന്റെ പരാമർശവും ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് പാർട്ടി കടുത്ത പ്രതിരോധത്തിലായി.