ഇന്നലെ പുറത്തുവന്ന ബാർക്കോഴ റിപ്പോർട്ട് ഒർജിനലല്ല; യഥാർത്ഥ റിപ്പോർട്ടിന്റെ രണ്ട് കോപ്പികളിൽ ഒരെണ്ണം തന്റെ കൈയ്യിലുണ്ടെന്ന് ഇടത് നേതാവ്
തിരുവനന്തപുരം: ഇന്നലെ പുറത്തുവന്ന ബാർക്കോഴ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ശരിക്കുളള റിപ്പോർട്ടല്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണിരാജു കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. അന്ന് കേരള കോൺഗ്രസ് എം നിയോഗിച്ച അന്വേഷണ കമ്മിഷനിൽ ആന്റണിരാജു അംഗമായിരുന്നു. യഥാർത്ഥ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് കെ.എം മാണിയുടേയും തന്റേയും പക്കലാണ് ഉളളതെന്നും ആന്റണിരാജു വ്യക്തമാക്കി.
കെ.എം മാണി പറഞ്ഞ കാര്യങ്ങൾ വച്ച് മറ്റേതോ അന്വേഷണ ഏജൻസി തയ്യാറാക്കിയ റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. ശരിക്കുളള റിപ്പോർട്ട് പുറത്തുവിടുമോയെന്ന് തനിക്ക് പറയാനാകില്ല. എന്നെങ്കിലും റിപ്പോർട്ട് പുറത്തുവിടേണ്ടി വരും. റിപ്പോർട്ടിനകത്ത് ഉളള കാര്യം താൻ പുറത്തു പറയില്ല. എന്നാൽ ഇന്നലെ വന്ന റിപ്പോർട്ടും യഥാർത്ഥ റിപ്പോർട്ടുമായി ചില കാര്യങ്ങളിൽ സാമ്യമുണ്ട്. അത് ജോസ് കെ മാണി പറഞ്ഞത് ശരിയാണ്.
അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചോരാതെ സൂക്ഷിക്കണമെന്ന് പാർട്ടി അന്ന് തന്നെ തീരുമാനമെടുത്തിരുന്നതാണ്. ഇന്ന് ആ പാർട്ടിയിൽ അല്ലെങ്കിലും രഹസ്യമായ ഒരു കാര്യം പാർട്ടി വിട്ടു പോയെന്ന് കരുതി പുറത്തുവിടുന്നത് മാന്യതയല്ല. പറയേണ്ട ഒരു ഘട്ടം വരുമ്പോൾ പറയും, റിപ്പോർട്ടും പുറത്തു വിടുമെന്ന് ആന്റണിരാജു വ്യക്തമാക്കി.