നദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി, മകനെ നഷ്ടമായതറിയാതെ അച്ഛൻ മരണത്തിന് കീഴടങ്ങി

Monday 19 October 2020 1:32 PM IST

തിരുവനന്തപുരം : പശുവിന് പുല്ലുശേഖരിക്കുന്നതിനിടെ കാൽവഴുതി വീണ് വാമനപുരം നദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. വഞ്ചിയൂർ ആർ.ആർ.എനഗർ തുണ്ടിൽ വീട്ടിൽ മനീഷിനെ (24) യാണ് ഇന്നലെ വൈകിട്ട് ചേരൂട്ടിക്കടവിന് സമീപം കാണാതായത്. മനീഷിനായി തിരച്ചിൽ നടക്കുന്നതിനിടെ കാൻസർ ബാധിതനായി ദീർഘനാളായി ചികിത്സയിൽ കഴിഞ്ഞ പിതാവ് മദനശേഖരൻ (63) വീട്ടിൽ മരണത്തിന് കീഴടങ്ങി. മദനശേഖരന്റെ സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടന്നു.

സുഹൃത്തുക്കളുമൊത്ത് പുല്ല് ശേഖരിക്കാനായി നദിക്ക് സമീപമെത്തിയപ്പോഴാണ് മനീഷ് കാൽവഴുതി നദിയിൽ വീണത്. സു​ഹൃത്തുക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് പുനഃരാരംഭിച്ചു.