ചൈനയുമായുളള ഭാവി നയങ്ങളിൽ ഇന്ത്യയ്‌ക്കുളള തുറുപ്പ്ചീട്ടായി ടിബറ്റ്; ദലൈലാമയ്‌ക്ക് ശേഷം അതിർത്തി രാഷ്‌ട്രീയത്തിൽ രാജ്യത്തിന്റെ പങ്ക് നിർണായകം
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധത്തിലെ സുപ്രധാനമായൊരു സംഭവമായിരുന്നു ടിബറ്റൻ ബുദ്ധമത നേതാവായ ദലൈ ലാമയുടെ ഇന്ത്യയിലേക്കുളള പലായനം. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരിക്കുന്ന ചൈനീസ് ഭരണകൂടം എന്നും ടിബറ്റ് സ്വന്തം പ്രദേശമാക്കി മാറ്റി തങ്ങളുടെ ഏകാധിപത്യ അജണ്ട അവിടെ നടപ്പാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സ്വയംഭരണാവകാശത്തിൽ വിശ്വസിക്കുന്ന ടിബറ്റൻ ജനത അതിനെ കാലങ്ങളോളം എതിർത്തു. ഒടുവിൽ 1950ൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ടിബറ്റ് പിടിച്ചടക്കിയതും ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്‌തു. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ധർമശാലയിൽ ലാമയ്‌ക്കും ടിബറ്റ് വംശജർക്കും അഭയം നൽകി.
പിന്നീട് ടിബറ്റൻ വംശജർക്കായി വാദിച്ച ദലൈലാമയ്‌ക്ക് സമാധാന നൊബേൽ വരെ ലഭിച്ചു. ഇത് ചൈനയ്‌ക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ടിബറ്റിനെ നിർണായകവും പരമാധികാരമുളളതുമായ പ്രദേശമായിത്തന്നെ ചൈന കണ്ടു. ഇവിടെ സ്ഥലവാസികളായ ടിബറ്റൻ വംശജരെ എതിർക്കാൻ ചൈനീസ് വംശജരെത്തന്നെ ഉദ്യോഗസ്ഥരായി ചൈന നിയമിച്ചു. ഇത്തരത്തിൽ ആത്മാഭിമാനത്തിന് വ്രണമേറ്റ ടിബറ്റൻ വംശജരെ സംരക്ഷിക്കുവാൻ നിർണായക തന്ത്രം തന്നെ ഇന്ത്യ പുറത്തിറക്കി. കാലങ്ങളോളം കേന്ദ്രസർക്കാർ നിഷേധിച്ചിരുന്ന ഒരു രഹസ്യം കഴിഞ്ഞ ഓഗസ്‌റ്റ് 29ന് പുറത്തായി. കേന്ദ്ര സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ടിബറ്റൻ സൈനികരുടെ പ്രത്യേക സേനയായിരുന്നു അത്. സ്‌പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സ് (എസ്.എസ്.എഫ്) എന്ന ഈ സേനയിലെ ഒരു സൈനികൻ സംഘർഷത്തിൽ മരണമടഞ്ഞിരുന്നു. ന്‌യീമ തെൻസിൻ എന്ന ടിബറ്റൻ വംശജനായ സൈനികനാണ് അന്ന് വീരചരമം പ്രാപിച്ചത്. ഇദ്ദേഹത്തിന്റെ സംസ്‌കാരം ടിബറ്റൻ പതാകവും ഇന്ത്യൻ ദേശീയ പതാകയും പുതപ്പിച്ച് പൂർണ ആദരവോടെ രാജ്യം നടത്തി. സൈനികന്റെ സംസ്‌കാരം രാജ്യമാകെ സംപ്രേക്ഷണം ചെയ്യപ്പെട്ടു.
രാജ്യത്തെ ഇന്റലിജൻസ് വിഭാഗമായ റോയുടെ (റിസർച്ച് ആന്റ് അനാലിസിസ് വിംഗ്) ഭാഗമായ എസ്.എഫ്.എഫിന്റെ ആദ്യ രൂപം 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന് മുൻപ് തന്നെ ഉണ്ടായിരുന്നു. അന്ന് ടിബറ്റൻ അഭയാർത്ഥികളെ ചേർത്ത സേനക്ക് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയാണ് പരിശീലനം നൽകിയത്. ഓരോ സൈനികനും ഒരു പാരാ കമാന്റോ പരിശീലനം പൂർത്തിയാക്കുന്ന ഈ സേന എസ്.എഫ്.എഫ് ആയ ശേഷം പിന്നീട് 1971ൽ ബംഗ്ളാദേശ് രൂപീകരണ സമയത്തും 1999ലെ കാർഗിൽ യുദ്ധസമയത്തും നിർണായക പങ്ക് വഹിച്ചു.
ഇന്ത്യയിൽ വിവിധ ഭാഗങ്ങളിലായുളള ഒരു ലക്ഷത്തിലധികം ടിബറ്റൻ അഭയാർത്ഥികൾക്ക് സ്വാതന്ത്ര്യമായി തന്നെ കഴിയാനാകുന്നുണ്ട്. എന്നാൽ ചൈനയിൽ പലയിടത്തും ടിബറ്റൻ വിഭാഗക്കാർ കടുത്ത അടിച്ചമർത്തലിലാണ് ജീവിതം നയിക്കുന്നത്. ഇവിടെ ഭരണകൂടം ശക്തമായി സ്വാധീനം ചെലുത്തുന്നു. നിലവിൽ ടിബറ്റൻ വംശജർ നടത്തുന്ന സമാധാനപരമായ സമരം ദലൈലാമയ്‌ക്ക് ശേഷം മാറിമറിയാനാണ് സാദ്ധ്യത. കാരണം ചൈനീസ് ഭരണകൂടം തന്നെ ദലൈലാമയ്‌ക്ക് പകരക്കാരനെ കണ്ടെത്താൻ ശ്രമിച്ചാൽ ടിബറ്റൻ വംശജർ എതിർക്കുകയും അവർക്ക് ഇന്ത്യ പിന്തുണ നൽകാനും സാദ്ധ്യതയുണ്ട്.
ചൈനയുടെ സ്ഥിരത ടിബറ്റിനെ ആശ്രയിച്ചായിരിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് മുൻപ് അഭിപ്രായപ്പെട്ടിരുന്നു. 2008ൽ ടിബറ്റിനെ നിർണായകവും പരമാധികാരമുളളതുമായ പ്രദേശമായി ചൈന പ്രഖ്യാപിച്ചിരുന്നു. ടിബറ്റിന് പിന്നിലായി മാത്രമായിരുന്നു തർക്ക പ്രദേശങ്ങളുളള തായ്‌വാനിന്റെയും സിൻജിയാൻ പ്രവിശ്യയുടെയും സ്ഥാനം. ടിബറ്റ് പ്രശ്‌നം ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യും എന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ പാശ്ചാത്യ ലോകത്തിനൊപ്പം ടിബറ്റിലെ ജനങ്ങളുടെ പരമാധികാരത്തിനും ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുമാകും അതെന്ന് ഏതാണ്ട് ഉറപ്പാണ്. അതിർത്തിയിൽ ചൈന സംഘർഷം സൃഷ്‌ടിക്കുന്ന ഈ സമയം തന്നെ ടിബറ്റിനെ സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാൻ ഇന്ത്യയ്‌ക്ക് അനുയോജ്യമാണ് എന്നതിൽ സംശയമില്ല.