'കശ്യപ് തന്നോട് മോശമായി പെരുമാറുന്ന കാര്യം ഇർഫാൻ പഠാന് അറിയാമായിരുന്നു, അദ്ദേഹം മൗനം വെടിയണം': തനിക്കെതിരെ ഉണ്ടായ ലൈംഗിക പീഡനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പായൽ

Monday 19 October 2020 8:57 PM IST

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം നടത്തിയ നടി പായൽ ഘോഷ് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. അനുരാഗ് തന്നോട് മോശമായി പെരുമാറിയിരുന്ന കാര്യം ഇന്ത്യൻ ക്രിക്കറ്റ് താരവും തന്റെ 'സുഹൃത്തുമായ' ഇർഫാൻ പഠാന് അറിയാമായിരുന്നു എന്നാണ് നടി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇർഫാൻ തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം ഇക്കാര്യത്തിൽ മൗനം വെടിഞ്ഞുകൊണ്ട് സത്യം തുറന്ന് പറയണമെന്നും നടി തന്റെ ട്വീറ്റ് വഴി പറയുന്നു.

'അനുരാഗ് എന്നെ പീഡിപ്പിച്ചതിനെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ മറ്റെല്ലാ കാര്യങ്ങളും ഞാന്‍ ഇര്‍ഫാനോട് പറഞ്ഞിരുന്നു. എല്ലാ അറിഞ്ഞിട്ടും ഇര്‍ഫാന്‍ മൗനം പാലിക്കുകയാണ്. ഒരിക്കല്‍ എന്റെ നല്ല സുഹൃത്താണെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. - പായല്‍ ട്വീറ്റ് ചെയ്തു. താൻ അദ്ദേഹവുമായി പങ്കുവച്ച കാര്യങ്ങളെല്ലാം അദ്ദേഹം ഇപ്പോൾ തുറന്നു പറയേണ്ടതാണെന്നും പായൽ സൂചിപ്പിച്ചു.

താൻ ഇർഫാന്റെ കുടുംബ സുഹൃത്താണ് എന്നും നടി പറയുന്നു. ഒരു അഭിമുഖത്തിലൂടെയാണ് അനുരാഗ് തന്നോട് മോശമായി പെരുമാറി എന്ന് വ്യക്തമാക്കിക്കൊണ്ട് പായൽ രംഗത്തുവന്നത്. സംഭവം വിവാദമായതോടെ അനുരാഗിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേർ അഭിപ്രായം വ്യക്തമാക്കിയിരുന്നു. പായല്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഇന്ത്യയില്‍ പോലും ഇല്ലായിരുന്നുവെന്നും അനുരാഗ് വ്യക്തമാക്കിയിരുന്നു. നിരവധി സിനിമ നടിമാരെക്കുറിച്ചും പായല്‍ പരാമര്‍ശം നടത്തിയിരുന്നു.