കരടികൾ കൂട്ടത്തോടെ പാഞ്ഞടുത്തു, ഭയന്ന് വിറച്ച് സഞ്ചാരികൾ, മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം

Monday 19 October 2020 9:59 PM IST

ബീജിംഗ് : കരടികളുടെ ആക്രമണത്തെ തുടർന്ന് മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം. ഷാംഗ്ഹായി വൈൽഡ് ലൈഫ് പാർക്കിൽ സന്ദർശകർക്ക് മുന്നിൽ വച്ചായിരുന്നു ഭീകരമായ സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പാർക്ക് അധികൃതർ അനുശോചനം രേഖപ്പെടുത്തി. ജീവനക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്ക് താത്കാലികമായി അടച്ചിരിക്കുകയാണിപ്പോൾ.

ഓപ്പൺ പാർക്കായ ഇവിടെ സഞ്ചാരികൾ ബസിൽ സഞ്ചരിച്ചാണ് വന്യ മൃഗങ്ങളെ കാണുന്നത്. ഇതിനിടെയാണ് പുറത്ത് നിന്ന ഒരു ജീവനക്കാരന് ചുറ്റും കരടികൾ ഓടിയടുക്കുന്നതും അയാളെ കൊല്ലുന്നതും സഞ്ചരികൾ കണ്ടത്. ഇവരിൽ ചിലർ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. 2017ൽ ചൈനയിലെ തന്നെ മറ്റൊരു ഡ്രൈവ് - ത്രൂ വൈൽഡ് ലൈഫ് പാർക്കിൽ ബസിൽ സഞ്ചരിക്കുന്നതിനിടെ മുന്നറിയിപ്പ് അവഗണിച്ച് ജനാലയുടെ ഗ്ലാസ് തുറന്ന് ഭക്ഷണം നൽകാനൊരുങ്ങിയ ഒരാളുടെ കൈയ്യിൽ കരടി ഗുരുതരമായി കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.