ഒന്നരവയസ്സുകാരന്റെ കൊലപാതകം: പുനരന്വേഷണം ആവശ്യപ്പെട്ട് രണ്ടാം പ്രതി കോടതിയിൽ

Tuesday 20 October 2020 6:56 AM IST

കണ്ണൂർ: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കണ്ണൂർ തയ്യിൽ കടപ്പുറത്തെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിതിൻ രംഗത്ത്.

ഇക്കാര്യം ആവശ്യപ്പെട്ട് കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി നൽകി. കേസിലെ ഒന്നാംപ്രതിയായ ഒന്നരവയസുകാരന്റെ അമ്മ ശരണ്യയുടെ കാമുകൻ താനല്ലെന്നും കേസിലെ 27ാം സാക്ഷിയായ പാലക്കാട്ടുകാരനായ അരുണാണ് കാമുകനെന്നും കാണിച്ചാണ് അഡ്വ. മഹേഷ് വർമ്മ മുഖാന്തരം നിതിൻ കോടതിയെ സമീപിച്ചത്.

എന്നാൽ, കേസ് വഴിതിരിച്ചുവിടാനുള്ള പ്രതിയുടെ ആസൂത്രിതമായ ശ്രമമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഒരിക്കൽ പ്രതിയായ നിതിന് ഇത്തരത്തിൽ ഹർജി സമർപ്പിക്കാൻ നിയമപരമായി സാധിക്കില്ലെന്നും ഇത് കോടതി പരിഗണിക്കാനുള്ള സാധ്യതയില്ലെന്നും കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു. ശരണ്യയും കാമുകൻ നിതിനും ഗൂഢാലോചന നടത്തിയാണ് കുഞ്ഞിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.

2020 ഫെബ്രുവരി 17 ന് പുലർച്ചെ മൂന്നരയ്ക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയെടുത്ത് അമ്മ ശരണ്യ കടലിൽ കൊണ്ടുപോയി രണ്ടു തവണ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണം ഉറപ്പാക്കിയശേഷം തിരിച്ചുവന്ന് വീട്ടിൽ കിടന്നുറങ്ങിയെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്.