ഓപ്പറേഷൻ റേഞ്ചറിനിടയിലും തൃശൂരിനെ വിറപ്പിച്ച് ഗുണ്ടാ സംഘങ്ങൾ

Tuesday 20 October 2020 12:24 PM IST

തൃശൂർ : ഓപ്പറേഷൻ റേഞ്ചറുമായി പൊലീസും ഓതറേഷൻ ബ്രിഗേഡുമായി എക്‌സൈസും നാടാകെ അരിച്ചു പെറുക്കുമ്പോഴും വാളും തോക്കുമെടുത്ത് ക്രിമിനൽ സംഘം വിളയാട്ടം തുടരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി രണ്ടിടത്താണ് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയത്. നഗരത്തിന്റെ പ്രാന്തപ്രദേശമായ പെരിങ്ങാവിലും വടക്കാഞ്ചേരിയിലുമാണ് ഗുണ്ടാ ആക്രമണം നടന്നത്. വടക്കാഞ്ചേരിയിൽ ഗുണ്ട വീടാക്രമിച്ചു. വീട്ടിൽ കയറി നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. വീടിനും കേടുപാടുകളുണ്ട്. വടക്കാഞ്ചേരി ഒന്നാംകല്ലിൽ കുന്നത്ത് വീട്ടിൽ ജയന്റെ വീടാണ് ആക്രമിച്ചത്. ഗുണ്ടാ നേതാവ് കല്ലമ്പാറ സുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന്റെ പോർച്ചിൽ നിറുത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും രണ്ട് ഓട്ടോറിക്ഷകളും പൂർണമായും തീയിട്ട് നശിപ്പിച്ചു. നേരത്തെ ഒരുമിച്ചായിരുന്ന വിജയനും സുരയും ഇടക്കാലത്ത് പിരിഞ്ഞിരുന്നു. മുൻപ് മെഡിക്കൽ കോളേജിൽ കയറി സുരയുടെ സംഘാംഗത്തെ അക്രമിച്ചതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവമെന്നാണ് അറിയുന്നത്. സംഭവമറിഞ്ഞ് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഘം രക്ഷപ്പെട്ടു. പെരിങ്ങാവിൽ രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കടിയേറ്റ നിരവധി കേസുകളിൽ പ്രതിയായ പാടൂക്കാട് സ്വദേശി ബിജു വിൽസനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കൂർക്കഞ്ചേരിയിൽ ടയർ പഞ്ചറൊട്ടിച്ച് കൃത്യസമയത്ത് നൽകാത്തതിനെ തുടർന്ന് സ്ഥാപന ഉടമയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചസംഭവം ഉണ്ടായിരുന്നു. സംഭവത്തിൽ മൂന്നംഗ ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൻകുളങ്ങര സ്വദേശി വേലംപറമ്പിൽ ഷഫീഖ് (28), വലിയാലുക്കൽ മേനോത്ത്പറമ്പിൽ സാജുൽ (26), ചിയ്യാരം ആക്കാട് ഡിറ്റ് ബാബു (26) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. കൂർക്കഞ്ചേരി കിണർ സ്റ്റോപ്പിൽ ടയർ പഞ്ചർ ഒട്ടിക്കുന്ന സ്ഥാപനം നടത്തുന്ന പാലക്കാട് സ്വദേശി മണികണ്ഠനെയാണ് കൊല്ലാൻ ശ്രമിച്ചത്. നാലു ദിവസം മുമ്പാണ് ടയർ പഞ്ചറൊട്ടിക്കാൻ നൽകിയത്. തുടർന്ന് ഞായറാഴ്ച രാത്രി കടയിലെത്തിയ സംഘം മണികണ്ഠനെ മർദ്ദിക്കുകയായിരുന്നു. അതിനിടയിലാണ് ഒന്നാം പ്രതി ഷഫീഖ് എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചത്. ഒഴിഞ്ഞു മാറിയതിനാൽ മണികണ്ഠന് കാലിലാണ് വെടിയേറ്റത്. സ്ഥാപനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലം വിട്ടത്. ജില്ലയിൽ അടിക്കടി കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടായതിനെ തുടർന്നാണ് റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എതാനും ദിവസങ്ങൾക്കുള്ളിൽ ഓപ്പറേഷൻ റേഞ്ചറുമായി രംഗത്തിറങ്ങിയത്. സിറ്റി പൊലീസിന്റെയും റൂറലിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

അഞ്ച് ദിവസത്തിനുള്ളിൽ നിരവധി ഗുണ്ടാ സംഘത്തിൽപ്പെട്ടവരെയും പിടികിട്ടാപ്പുള്ളികളെയും ആയുധങ്ങളും പിടികൂടിയിരുന്നു.ഇതിനിടയിലാണ് വീണ്ടും ഗുണ്ടകൾ അരങ്ങ് വാഴുന്നത്. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ബ്രിഗേഡ് എന്ന പേരിലുള്ള പരിശോധനകളും നടക്കുന്നുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ 15 പേരെയാണ് കഞ്ചാവും മയക്കുമരുന്നുമായി എക്‌സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിൽ കഞ്ചാവ് കടത്തുന്നത് തടയാൻ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവും ഉണ്ടായി.