'ആരെയും അപമാനിക്കാൻ പറഞ്ഞതല്ല, പേര് മറന്നുപോയതാണ്'; 'ഐ‌റ്റം' പരാമർശത്തിൽ വിശദീകരണവുമായി കമൽനാഥ്

Tuesday 20 October 2020 3:43 PM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മന്ത്രിയും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായ ബിജെപിയുടെ ഇമർതി ദേവിയെ 'ഐ‌റ്റം' എന്ന് വിശേഷിപ്പിച്ചതിന് വിശദീകരണവുമായി കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ കമൽനാഥ്. ആരെയും അപമാനിക്കാനായി താൻ പറഞ്ഞതല്ലെന്നും പേര് മറന്നുപോയതിനാൽ പട്ടികയിൽ ഒന്ന്, രണ്ട് എന്ന് പറയുന്നത് പോലെ പറഞ്ഞതാണെന്നും അത് അപമാനിക്കലാകുന്നത് എങ്ങനെയാണെന്നും കമൽനാഥ് ചോദിച്ചു.

ഇമർതി ദേവി ഉൾപ്പടെ 22 എംഎൽഎമാർ രാജിവച്ച് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം പോയതോടെയാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ കമൽനാഥിന്റെ നേതൃത്വത്തിലുള‌ള സർക്കാർ നിലംപതിച്ചത്. രാജിവച്ചവരെല്ലാം ബിജെപിയിലെത്തി. വരുന്ന നവംബർ 3ന് ഈ മണ്ഡലങ്ങളിൽ ഉൾപ്പടെ 28 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. കൂട്ടത്തിലെ ദാബ്ര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ഇമർതി ദേവിക്കെതിരെ കമൽനാഥ് വിവാദ പരാമർശം നടത്തിയത്. പരാമർശത്തോട് പൊട്ടിക്കരഞ്ഞാണ് ഇമർതി ദേവി പ്രതികരിച്ചത്. സംഭവം വലിയ പ്രതിഷേധത്തിനിടയായതോടെ കമൽനാഥ് മാപ്പ് പറഞ്ഞു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് ഫലം നിലവിലെ ശിവരാജ്സിംഗ് ചൗഹാൻ സർക്കാരിന് വളരെ പ്രധാനമാണ്. ഈ സമയത്ത് കമൽനാഥിന്റെ പ്രസ്‌താവന കോൺഗ്രസിന് വലിയ തലവേദനയായി. കമൽനാഥിന്റെ പരാമർശം നിർഭാഗ്യകരമായിപ്പോയെന്നും വ്യക്തിപരമായി അദ്ദേഹം ഉപയോഗിക്കുന്ന തരത്തിലെ ഭാഷ താൻ ഇഷ്‌ടപ്പെടുന്നില്ലെന്നും രാഹുൽഗാന്ധി ഇന്ന് വയനാട്ടിൽ അഭിപ്രായപ്പെട്ടു.