'ഫോൺഹാക്ക് ചെയ്തു, ഉറങ്ങുമ്പോഴാണ് ക്ലിപ്പ് സെൻഡ് ചെയ്യപ്പെട്ടത്': അശ്ലീല വീഡിയോ അയച്ച സംഭവത്തിൽ വിശദീകരണവുമായി ഗോവ ഉപമുഖ്യമന്ത്രി

Tuesday 20 October 2020 6:32 PM IST

പനാജി: വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്ന് അശ്ലീല വീഡിയോ അയച്ച സംഭവം ചര്‍ച്ചയാകുന്നു. ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേകറിന്റെ ഫോണില്‍ നിന്നാണ് ഗ്രൂപ്പിലേക്ക് വീഡിയോയെത്തിയതെന്നാണ് ആരോപണം. അതേസമയം തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് കാട്ടി ഉപമുഖ്യമന്ത്രി സൈബര്‍ സെല്ലിന് പരാതി നല്‍കി.

താന്‍ ഉറങ്ങുമ്പോഴാണ് ഫോണില്‍ നിന്നും ഇത്തരമൊരു സന്ദേശം പോയതെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സൈബര്‍ സെല്ലിന് നല്‍കിയ പരാതിയില്‍ ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉപമുഖ്യമന്ത്രി അംഗമായ 'വില്ലേജസ് ഓഫ് ഗോവ' എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചതെന്നാണ് ആരോപണം.

സംഭവത്തിന് പിന്നാലെ തന്നെ ഉപമുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാവിഭാഗം സംഭവത്തില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിക്കെതിരെ ഐടി ആക്ട് 67, 67 എ വകുപ്പുകള്‍ പ്രകാരവും ഐ.പി.സി 354 എ വകുപ്പ് ചുമത്തിയും എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുപോലുള്ള നേതാക്കള്‍ സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലെന്നും, ബി.ജെ.പി വനിതാ നേതാക്കള്‍ മൗനം പാലിക്കുന്നതിലൂടെ ഇത്തരം, നേതാക്കളെ സംസ്ഥാനത്തെ നയിക്കാന്‍ അനുവദിക്കുകയാണെന്നും ജി.എഫ്.പി വുമണ്‍ വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ലാര റോഡ്രിഗസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടപടിയെടുക്കണമെന്ന് ജി.എഫ്.പിയും ആവശ്യപ്പെട്ടു.