അക്ഷയ കേരള പുരസ്‌കാര നിറവിൽ നാട്ടിക
Wednesday 21 October 2020 2:05 AM IST
തൃപ്രയാർ: അക്ഷയ കേരള പുരസ്‌കാര നിറവിൽ നാട്ടിക പഞ്ചായത്ത്. ക്ഷയ രോഗത്തിന് പ്രതിവിധി എന്ന നിലയിൽ കേരള സർക്കാർ നടപ്പിലാക്കിയ എന്റെ ക്ഷയ രോഗ മുക്ത കേരളം പദ്ധതി നാട്ടിക പഞ്ചായത്തിൽ വിജയകരമായി നടപ്പിലാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്.
2019ൽ പഞ്ചായത്തിലെ അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് ക്ഷയ രോഗം റിപ്പോർട്ട് ചെയ്യാത്തതും, പൊതു ജനങ്ങൾക്കിടയിൽ എം.ഡി.ആർ, ടി.ബി എന്നീ ഗുരുതര രോഗങ്ങൾ സ്ഥിരീകരിക്കാത്തതും, രോഗികൾക്ക് മുടങ്ങാതെ ചികിത്സ ലഭിച്ചതും തുടങ്ങിയ നേട്ടങ്ങളാണ് പഞ്ചായത്തിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്.
പഞ്ചായത്ത് അംഗങ്ങൾ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ പുരസ്‌കാരം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. വിനു പറഞ്ഞു.