പിടിമുറുക്കി കൊവിഡ്, ലോകത്ത് 4,10,22,382 രോഗബാധിതർ, മരണസംഖ്യ കുതിച്ചുയരുന്നു

Wednesday 21 October 2020 6:46 AM IST

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,10,22,382 ആയി. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 11,28,896 പേരാണ് മരണമടഞ്ഞത്. 3,06,16,934 പേർ രോഗമുക്തി നേടി.ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ 85 ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,26,137 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 55 ലക്ഷം പിന്നിട്ടു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയാറ് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തേഴ് ലക്ഷം കടന്നു. ഇതുവരെ 9.6 കോടി കൊവിഡ് പരിശോധനകൾ നടത്തിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 88.63 ശതമാനമാണ്. ആക്ടീവ് കേസുകൾ 7.5 ലക്ഷത്തിൽ താഴെ മാത്രമാണ്.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇപ്പോഴും ബ്രസീൽ തന്നെയാണ്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. ഒന്നര ലക്ഷത്തിലധികം പേർ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം 47 ലക്ഷം കടന്നു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അയർലൻഡിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തി. രണ്ടാമതും ലോക്ക്ഡൗണിൽ പ്രവേശിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ് അയർലൻഡ്. ആറ് ആഴ്ചത്തേക്കാണ് അടച്ചിടലെന്ന് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ അറിയിച്ചു.