എല്ലാം അറിഞ്ഞുകൊണ്ടാണ് സ്വപ്‌നയ്‌ക്ക് ശിവശങ്കർ നിയമനം നൽകിയത്; പിടിക്കപ്പെടില്ലെന്ന് സ്വപ്‌ന ഉറപ്പ് നൽകി,സ്വ‌ർണക്കടത്ത് കേസിൽ സന്ദീപ് നായരുടെ നിർണായക മൊഴി

Wednesday 21 October 2020 11:07 AM IST

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുളള സ്വർണക്കടത്തിൽ സ്വപ്‌നയ്‌ക്കെതിരെ സന്ദീപ് നായരുടെ മൊഴി. നയതന്ത്ര ബാഗിൽ സ്വർണം കടത്താൻ നിർബന്ധിച്ചത് സ്വപ്‌നയാണെന്നാണ് സന്ദീപ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്ന് നിർണായക മൊഴി നൽകിയത്. പിടിക്കപ്പെടില്ലെന്ന് സ്വപ്‌ന ഉറപ്പ് നൽകിയിരുന്നുവെന്നും സന്ദീപ് നൽകിയ മൊഴിയിൽ പറയുന്നു.

സ്വർണക്കടത്തിന് പുതിയ മാർഗം ആരാഞ്ഞത് റമീസാണ്. നയതന്ത്രബാഗേജ് എന്ന തന്ത്രം സ്വപ്നയുടേതായിരുന്നു. സ്വർ‌ണം നയതന്ത്രബാഗേജ് വഴി കടത്തുന്നതിന് മുമ്പ് രണ്ട് തവണ ട്രയൽ നടത്തി. അതിനുശേഷം ഒരു വർഷത്തെ ഇടവേള കൊണ്ട് പതിനെട്ട് തവണയാണ് സ്വർണക്കടത്ത് നടത്തിയത്. ഒരു കിലോയ്ക്ക് കമ്മിഷനായി ആവശ്യപ്പെട്ടത് ആയിരം ഡോളറാണ്. ഇതുവഴി തനിക്ക് മാത്രം പതിനഞ്ച് ലക്ഷം രൂപ കിട്ടി. കോൺസുലേറ്റ് ജനറൽ അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സ്വപ്‌ന തങ്ങളോട് പറഞ്ഞിരുന്നു.

സ്‌പേസ് പാർക്കിൽ നിയമനം നൽകും മുമ്പ് സ്വപ്‌നയുടെ പേരിൽ ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സന്ദീപ് മൊഴി നൽകി. എല്ലാം അറിഞ്ഞുകൊണ്ടാണ് സ്വപ്‌നയ്‌ക്ക് ശിവശങ്കർ നിയമനം നൽകിയത്. യൂണിടാക്ക് തനിക്ക് അഞ്ച് ലക്ഷം രൂപ കമ്മിഷൻ നൽകിയിട്ടുണ്ടെന്നും സന്ദീപ് നായർ വെളിപ്പെടുത്തി. ലൈഫ് മിഷനിൽ അഞ്ചു ശതമാനം കമ്മീഷൻ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനാണെന്നും അദ്ദേഹത്തിനൊപ്പം കോൺസുലേറ്റ് ജനറലിനെ കണ്ടിരുന്നുവെന്നും സന്ദീപ് നായരുടെ മൊഴിയിൽ പറയുന്നു.