സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാകുന്നില്ല, നടിയെ ആക്രമിച്ച കേസിൽ വിചാരണ അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ വിചാരണ അനിശ്ചിതത്വത്തിൽ. പകുതിയോളം പേരുടെ സാക്ഷി വിസ്താരം മാത്രമാണ് ഇതുവരെ പൂർത്തിയായത്. നടി കാവ്യ മാധവനാണ് ഇന്ന് സാക്ഷി വിസ്താരത്തിനായി എത്തേണ്ടത്. എന്നാൽ പ്രോസിക്യൂട്ടർ ഇല്ലാത്തതിനാൽ സാക്ഷി വിസ്താരം നടത്താൻ സാധിക്കില്ല.
വിചാരണ കോടതി പക്ഷപാതപരമായി പെറുമാറുകയാണെന്നും, മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കഴിഞ്ഞാഴ്ച കോടതിയിൽ പരാതി നൽകിയിരുന്നു. ഈ കോടതിയിൽ വിചാരണ നടന്നാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. വിചാരണ കോടതിയ്ക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതി രജിസ്റ്റാർക്ക് പരാതി നൽകിയിട്ടുണ്ട്.
കേസിന്റെ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ വിചാരണ ആറ് മാസത്തിനകം പൂർത്തിയാകില്ലെന്ന് വിചാരണ കോടതി സുപ്രീം കോടതിയെ അറിയിക്കുകയും സമയം കൂട്ടി ചോദിക്കുകയും ചെയ്തിരുന്നു. അത് സുപ്രീം കോടതി അനുവദിച്ചിരുന്നു.