കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം

Wednesday 21 October 2020 1:14 PM IST

പാലക്കാട്: കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ലോറിയിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാർ എത്തി തീയണക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഏറെ വൈകിയാണ് ലോറിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തി. കൊടുവായൂർ വളത്തക്കാട് ചരണാത്തുകളം കൃഷ്ണന്റെ മകൻ കുമാരൻ (35) ആണ് മരിച്ചത്. സിഗരറ്റിൽ നിന്ന് ഉണ്ടായ തീപൊരിയിൽ നിന്ന് ലോറിയുടെ കാബിനിൽ വച്ചിരുന്ന ഗ്യാസ് സിലിണ്ടർ തീപിടിച്ചാതാകാം അപകടം ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുതുനഗരം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡോഗ് സ്‌ക്വാഡ്, വിരലടയാളം വിദഗ്ദ്ധർ, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. പുതുനഗരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഉടമയെയും തൊഴിലാളികളെയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. മരിച്ച കുമാരൻ അവിവിവാഹിതനാണ്. അമ്മ: ദേവു. സഹോദരങ്ങൾ: മാണിക്യൻ, ശരവണൻ, ഗീത, കുട്ടപ്പൻ.