അടിമാലിയിലെ നക്ഷത്ര വേശ്യാലയം: മറ്റൊരു പൊലീസുകാരനെതിരെയും രഹസ്യാന്വേഷണം

Wednesday 21 October 2020 1:16 PM IST

കോട്ടയം: അടിമാലിയിലെ പഞ്ചനക്ഷത്ര വേശ്യാലയത്തിൽ നിത്യസന്ദർശകനായിരുന്ന ഇടുക്കി ആംഡ് റിസർവ് ക്യാമ്പിലെ ഡ്രൈവർ വിനോദ് കുമാർ സസ്പെൻഷനിലായതിനെ തുടർന്ന് മറ്റൊരു സിവിൾ പൊലീസ് ഓഫീസർകൂടി നിരീക്ഷണത്തിൽ. ഇയാൾ വേശ്യാലയം നടത്തിപ്പിന് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നതായാണ് ആക്ഷേപം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കൂടാതെ സ്ഥിരമായി വേശ്യാലയത്തിൽ ഇയാൾ എത്തി മാസപ്പടി പറ്റിയിരുന്നതായും പറയപ്പെടുന്നു. വേശ്യാലയം നടത്തുന്നതിന് വൻ പ്രതിഫലമാണ് വാങ്ങിയിരുന്നത്. രണ്ടാഴ്ച മുമ്പ് അടിമാലി കൂമ്പൻപാറയിലെ ഹോംസ്റ്റേയിൽ റെയ്ഡ‌് നടത്തി നാലു സ്ത്രീകൾ ഉൾപ്പെടെ ഏഴു പേരെ അടിമാലി സി.ഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. നടത്തിപ്പുകാരൻ കൂത്തുപാറ സ്വദേശി പാറക്കൽ സിജോ ജയിംസിനെ കസ്റ്റഡ‌ിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നടത്തിപ്പുമായി പൊലീസുകാർക്കുള്ള ബന്ധം പുറത്തായത്. സസ്പെൻഷനിലായ വിനോദ് കുമാറും മറ്റൊരു പൊലീസുകാരനും തങ്ങളെ വളരെയധികം സഹായിച്ചിരുന്നതായും രണ്ടു പൊലീസുകാരും സഹായങ്ങൾ നല്കിയിരുന്നതായും പ്രതിഫലമായി വൻതുക നല്കിയിരുന്നതായും വെളിപ്പെടുത്തിയത്. ഇതോടെയാണ് ഡ്രൈവർ വിനോദ് കുമാറിനു പുറമെ മറ്റൊരു സിവിൾ പൊലീസ് ഓഫീസർക്കെതിരെയും അന്വേഷണം ആരംഭിച്ചത്. പെൺവാണിഭ കേന്ദ്രത്തെക്കുറിച്ച് പൊലീസിൽ നിന്ന് അന്വേഷണമോ മറ്റ് ശല്യങ്ങളോ ഉണ്ടാവില്ലെന്നും അന്വേഷണം ഉണ്ടായാൽ അത് തങ്ങൾ നോക്കിക്കൊള്ളാമെന്നും പറഞ്ഞതിനാലാണ് പണം നല്കിയതെന്നാണ് ഉടമ പറയുന്നത്. സി.ഐയും സംഘവും റെയ്ഡിനെത്തിയപ്പോൾ നടത്തിപ്പുകാരൻ ആദ്യം കാര്യമായെടുത്തില്ല. വിനോദിന്റെ പിന്തുണ ഉള്ളതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ലെന്നാണ് അയാൾ കരുതിയത്.

നടത്തിപ്പുകാരൻ വിനോദിനെ വിളിച്ചപ്പോൾ ആരെയാണ് വിളിക്കുന്നതെന്ന് സി.ഐ ചോദിച്ചു. വിനോദിനെയെന്ന് പറഞ്ഞപ്പോൾ വിശദവിവരം സി.ഐ ആരാഞ്ഞു. ഇതോടെയാണ് വേശ്യാലയത്തിലെ നിത്യ സന്ദർശകനാണ് വിനോദ് എന്നും ഇയാൾ നടത്തിപ്പുകാരനിൽ നിന്ന് വൻ തുക കൈപ്പറ്റിയതായും അറിവായത്. ഏത് പെൺകുട്ടി സ്ഥാപനത്തിൽ എത്തിയാലും ആദ്യം കാഴ്ചവയ്ക്കുന്നത് ഈ രണ്ട് പൊലീസുകാർക്കാണെന്നും നടത്തിപ്പുകാരൻ പറഞ്ഞതോടെയാണ് കാര്യത്തിന്റെ ഗൗരവം സി.ഐ മനസിലാക്കിയത്. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥന് റിപ്പോർട്ട് നല്കുകയായിരുന്നു. ബംഗളൂരു, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് നടത്തിപ്പുകാരൻ പെൺകുട്ടികളെ എത്തിച്ചിരുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയും സ്ഥാപനത്തിൽ എത്തിച്ചിരുന്നതായാണ് അറിയുന്നത്.