ബിജു രാധാകൃഷ്‌ണന് മൂന്ന് വർഷം തടവ്; ശാലുമേനോനും അമ്മയ്‌ക്കുമെതിരായ വിചാരണ തുടരും

Wednesday 21 October 2020 2:44 PM IST

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്‌ണന് മൂന്നു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട്ടിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കാനെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളിൽ നിന്നും ബിജു രാധാകൃഷ്‌ണന്റെ സ്വിസ് സോളാർ കമ്പനി 75 ലക്ഷം രൂപ തട്ടിച്ചെന്ന കേസിലാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

കേസിൽ മുഖ്യപ്രതിയായ ബിജു രാധാകൃഷ്‌ണൻ നേരത്തെ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഇതു വരെ അനുഭവിച്ച ജയിൽവാസം ശിക്ഷയായി പരിഗണിക്കും. മറ്റൊരു കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്‌ണൻ.

അതേസമയം കേസിലെ മറ്റ് രണ്ട് പ്രതികളായ ശാലു മേനോൻ, അമ്മ കലാദേവി എന്നിവർക്കെതിരായ വിചാരണ തുടരുമെന്ന് കോടതി വ്യക്തമാക്കി.

ബിജു രാധാകൃഷ്‌ണനെതിരായ 2012ലെ കേസിൽ ഒരു വർഷം മുമ്പ് വിചാരണ പൂർത്തിയായിരുന്നു. സോളാർ വിതരണ കമ്പനിയിൽ നിക്ഷേപകരുടെ വിശ്വാസമാർജിക്കാൻ എറണാകുളത്തെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കിയാണ് ബിജു രാധാകൃഷ്‌ണൻ 75 ലക്ഷം തട്ടിയെടുത്തത്. ഈ സ്ഥപനത്തിന്റെ ഉടമ ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് കേസിൽ മാപ്പുസാക്ഷി ആക്കുകയായിരുന്നു.