ദേശീയപാതയിൽ സിനിമാസ്റ്റൈൽ കൊളള: നഷ്ടമായത് റെഡ്മി കമ്പനിയുടെ എട്ടുകോടിയുടെ മൊബൈൽഫോണുകൾ
Wednesday 21 October 2020 3:20 PM IST
ചെന്നൈ: തമിഴ്നാട്ടിൽ പട്ടാപ്പകൽ നടുറോഡിൽ എട്ടുകോടിരൂപയുടെ മൊബൈൽഫോണുകൾ കൊളളയടിച്ചു. ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന റെഡ് മി കമ്പനിയുടെ ഫോണുകളാണ് കവർന്നത്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശീയ പാതയിലായിരുന്നു സംഭവം.
ചെന്നൈ പൂനമല്ലിയിൽ നിന്ന് മുംബയിലേക്ക് കൊണ്ടുപോവുകയായിരുന്നു മൊബൈൽഫോണുകൾ. ട്രക്ക് തടഞ്ഞ കൊളളസംഘം ഉളളിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാരെ മർദ്ദിച്ചവശരാക്കിയശേഷമാണ് മൊബൈൽഫോണുകൾ കവർന്നത്. പരിക്കേറ്റ ട്രക്ക് ഡ്രൈവർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊളളക്കാർക്കുവേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കൊളളക്കാരെ കണ്ടെത്താനുളള ശ്രമത്തിലാണ് പാെലീസ് .