അധികം കളിച്ചാൽ 'തവിടുപൊടിയാകും ! ', അന്താരാഷ്‌ട്രതലത്തിൽ പിന്തുണ കുത്തനെ കുറഞ്ഞ് ചൈന, വിമർശനവുമായി രാജ്യങ്ങൾ
ന്യൂഡൽഹി : ഈ മാസം യു.എൻ ( ഐക്യരാഷ്ട്ര സംഘടന) മനുഷ്യവകാശ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കയറിപ്പറ്റാൻ സാധിച്ചെങ്കിലും ചൈന അത്ര സന്തോഷത്തിലല്ല. തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും ചൈനയ്ക്കുണ്ടായിരുന്ന പിന്തുണ കുത്തനെ താഴ്ന്നിരിക്കുകയാണ്. വെറും 139 വോട്ടുകൾ മാത്രമാണ് 47 അംഗ മനുഷ്യാവകാശ കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചൈനയ്ക്ക് ലഭിച്ചത്. 15 രാജ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും കുറഞ്ഞ വോട്ടുകളോടെ കയറിക്കൂടിയത് ചൈനയാണ്. 2016 തിരഞ്ഞെടുപ്പിൽ പിന്തുണച്ച ഐക്യരാഷ്ട്ര സംഘടനയിലെ 41 അംഗ രാജ്യങ്ങൾ ഇത്തവണ ചൈനയെ കൈയ്യൊഴിഞ്ഞു.
2016ൽ 180, 2013ൽ 167 എന്നിങ്ങനെയായിരുന്നു മനുഷ്യാവകാശ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചൈനയ്ക്ക് ലഭിച്ചത്. ഇത് അഞ്ചാം തവണയാണ് ചൈന കൗൺസിലിൽ എത്തുന്നത്. ഏകാധിപതികളെ പോലെ പ്രവർത്തിക്കുന്ന ചൈനീസ് ഭരണകൂടത്തെ മനുഷ്യാവകാശ കൗൺസിലിൽ അംഗമാക്കുന്നത് വെറും വിരോധാഭാസമാണെന്നാണ് മിക്ക അംഗരാജ്യങ്ങളുടെയും അഭിപ്രായം. ഷിംഗ്‌ജിയാംഗ്, ഹോങ്കോംഗ്, ടിബറ്റ് മേഖലകളിൽ ചൈന നടത്തുന്ന കൈകടത്തലുകളിൽ അംഗരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 14ന് നടന്ന തിരഞ്ഞെടുപ്പിനിടെയിലും ചൈനയ്ക്കെതിരെ ജർമനി ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയുടെ പ്രകോപനപരമായ നയതന്ത്രതീരുമാനങ്ങളാണ് അന്താരാഷ്ട്രതലത്തിൽ തിരിച്ചടിയ്ക്ക് കാരണമാക്കിയതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അയൽരാജ്യങ്ങളെ വരെ എതിരാളികളാക്കിയതും എതിരാളികൾ ഒറ്റക്കെട്ടായി ചൈനയ്ക്കെതിരെ തിരിഞ്ഞതും വിനയായി.
ഇന്ത്യയിൽ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന് പുറമേ തായ്‌വാന് മുകളിലൂടെ മിലിട്ടറി വിമാനങ്ങൾ പറത്തിയും ഹോങ്കോങ്ങിൽ അടിച്ചമർത്തലുകൾ നടത്തിയും പ്രകോപനം സൃഷ്ടിച്ച ചൈന, യു.എസിനും ഓസ്ട്രേലിയയ്ക്കും നേരെ വ്യാപാര യുദ്ധം അഴിച്ചുവിടുകയും കാനേഡിയൻ സർക്കാരുമായും ഉരസുകയും ചെയ്തു. ഇതിനെല്ലാം പുറമേ ലോകത്തെ പ്രധാന ക്രൂഡ് ഓയിൽ വ്യാപാരപാതയായ തെക്കൻ ചൈന കടലിലിനേയും തങ്ങളുടെ അധീനതയിലാക്കാൻ ശ്രമിച്ചു. ഇതെല്ലാം അന്താരാഷ്ട്രതലത്തിൽ ചൈനീസ് ഭരണകൂടം ഒറ്റപ്പെടാൻ കാരണമായി.
ചൈനയുടെ കുതന്ത്രങ്ങൾ നേരിടാൻ യു.എസ് ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളുമായി പങ്കാളിത്തം വർദ്ധിപ്പിച്ചതും നിർണായകമായി. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, യു.എസ് എന്നീ രാജ്യങ്ങളുടെ പ്രതിരോധ സഹകരണ കൂട്ടായ്മയായ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് ( ക്വാഡ് ) ഇതിനുദാഹരണമാണ്. ഇപ്പോഴിതാ നവംബറിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് അടുത്ത മാസം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ, യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നിവർ ചേർന്ന് ' മലബാർ എക്സർസൈസി'ന് ഒരുങ്ങുകയാണ്.
ഈ നാവിക അഭ്യാസം ശരിക്കും ചൈനയ്ക്ക് ഒരു പ്രഹരം തന്നെയാണ്. അതിർത്തിയിൽ അധികം നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച് ഇന്ത്യയെ പ്രകോപിപ്പിക്കരുതെന്ന് സന്ദേശം കൂടി ഇതിൽ മറഞ്ഞിരിക്കുന്നുണ്ട്. ഒരു പ്രശ്നമുണ്ടായാൽ ചൈന ഒറ്റപ്പെടും. അന്താരാഷ്ട്ര പിന്തുണ ഇന്ത്യയ്ക്ക് ഒപ്പമുണ്ടാകും. യു.എന്നിൽ കുത്തനെ കുറഞ്ഞുവരുന്ന പിന്തുണ ഓർത്താൽ ചൈനയ്ക്ക് നന്ന്. !