കൊവിഡ് വാക്‌സിന്റെ ആദ്യഡോസുകള്‍ നല്‍കുന്നത് ഇവര്‍ക്ക്, മൂന്നുകോടി ആള്‍ക്കാരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി കേന്ദ്രം

Wednesday 21 October 2020 7:33 PM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനേഷനുള്ള മുന്‍ഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്കാകും മുന്‍ഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടം വാക്സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ പട്ടികയാണ് തയ്യാറാക്കിയത്.

വാക്‌സിന്റെ ശേഖരണം, സംഭരണം, വിതരണം അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു. ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആദ്യഘട്ട വാക്‌സിനേഷനുള്ള രൂപരേഖ തയ്യാറാക്കിയത്.

എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍ സജ്ജമാണെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കേന്ദ്ര സംസ്ഥാന പൊലീസ് സേന, ഹോം ഗാര്‍ഡ്, സായുധ സേന, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ ഉള്ളത്. വാക്‌സിന്‍ ലഭ്യമായാല്‍ ജനുവരി മുതല്‍ ജുലായ് വരെയാകും ആദ്യ ഘട്ട വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നത്.

വാക്സിനുകള്‍ സൂക്ഷിക്കുന്നതിനായി നിലവില്‍ 28000 കോള്‍ഡ് സ്റ്റോറേജുകളുണ്ട്. ചില സ്വകാര്യ ആശുപത്രികളും മരുന്ന് സംഭരണത്തിനുള്ള അടിസ്ഥാനമൊരുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സംഭരണശാലകള്‍ ഒരുക്കാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.