കടക്കാനുണ്ട് കടമ്പകൾ

Thursday 22 October 2020 12:41 AM IST

ധികാരത്തിലിരിക്കെ ഒരു പ്രസിഡന്റും നേരിടാത്ത വിധത്തിലുള്ള വെല്ലുവിളികളാണ് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപ് അഭിമുഖീകരിക്കുന്നത്. എല്ലാ അഭിപ്രായ സർവേകളിലും വിലയിരുത്തലുകളിലും,​ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനാണ് മുന്നിൽ . കാര്യങ്ങൾ എളുപ്പമല്ലെന്ന് റിപ്പബ്‌ളിക്കൻ പാർട്ടിയിലെ ചിലരെങ്കിലും വിലയിരുത്തുന്നുണ്ട്. എന്നാൽ ഇതുപോലെ പിന്നിൽ നിന്നശേഷമാണ് 2016-ൽ ട്രംപ് ഹിലരിയെ പരാജയപ്പെടുത്തിയത്. അതുതന്നെയാണ് ട്രംപിന്റെ പ്രതീക്ഷയും.

മിടുക്കനായ

കോടീശ്വരൻ

സാമ്പത്തികരംഗം കൈകാര്യം ചെയ്യാൻ ബൈഡനെക്കാൾ മികവ് ട്രംപിനുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്രവും വലിയ നേട്ടമായി കരുതുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു മുൻപ് അമേരിക്ക വലിയ സാമ്പത്തിക വളർച്ച കൈവരിച്ചിരുന്നു. മാത്രവുമല്ല,​ കൊവിഡിന്റെ പിടിയിലായിരിക്കുമ്പോൾത്തന്നെ സാമ്പത്തിക പുരോഗതി ചെറിയ രീതിയിലാണെങ്കിൽക്കൂടി ദൃശ്യമാണ്. ബൈഡൻ വിജയിച്ചാൽ വലിയ നികുതികൾ ഏർപ്പെടുത്തുമെന്ന ഭയവും മദ്ധ്യവർഗത്തിനും കോർപ്പറേറ്രിനും ഉണ്ട്. മിക്ക സർവേകളും സാമ്പത്തികം കൈകാര്യം ചെയ്യാൻ ട്രംപിനെയാണ് അനുകൂലിക്കുന്നത്.

ട്രംപിന്റെ മറ്രൊരു ശക്തിസ്രോതസാണ് തീവ്രവലതുപക്ഷത്തിന്റെയും യാഥാസ്ഥിതികരുടെയും പിന്തുണ. എല്ലാ വിഭാഗത്തിൽപ്പെട്ട വെള്ളക്കാരും ട്രംപിനെ കൂടുതലായി പിന്തുണയ്‌ക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തെ സംരക്ഷിക്കുക എന്നതാണ് ട്രംപിന്റെ ഇത്തവണത്തെ മുദ്രാവാക്യം. തീവ്രവലതുപക്ഷ അനുയായികൾ ട്രംപിനെ വലിയ ആവേശത്തോടെയാണ് ഏറ്രെടുത്തിരിക്കുന്നത്. ജോ ബൈഡന്റെ അനുയായികൾക്ക് ഈയൊരു ആവേശമില്ല.'പ്രൗഡ് ബോയ്‌സ് ' പോലെയുള്ള തീവ്ര വലതുപക്ഷ സംഘങ്ങൾക്ക് ട്രംപ് നല്‌കുന്ന പിന്തുണയാണ് ട്രംപിന്റെ പ്രചാരണത്തെ മുന്നോട്ടു നയിക്കുന്നത്. പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ റിപ്പബ്‌ളിക്കൻ പാർട്ടിയാണ് മുന്നിൽ. കുടിയേറ്റം,​ ചൈന,​ വിസ നിയമം,​ മതിൽ നിർമ്മാണം തുടങ്ങിയവയിൽ ട്രംപിന്റെ നയം റിപ്പബ്‌ളിക്കൻ പാർട്ടിയിൽ വലിയ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. വാഗ്‌ദാനങ്ങൾ നടപ്പിലാക്കി എന്ന പരിവേഷമാണ് ട്രംപിനുള്ളത്. കൂടാതെ ക്രമസമാധാനരംഗത്തും ട്രംപിനാണ് പിന്തുണ.

കൊവിഡ്

കവർന്നത്

കൊവിഡ് മഹാമാരിയെ നേരിടുന്നതിലെ പരാജയമാണ് ട്രംപിന്റെ സാദ്ധ്യതകൾക്ക് മങ്ങലേല്‌പിക്കുന്നത്. ഇതുവരെ രണ്ടുലക്ഷത്തിലധികം പേരാണ് കൊവിഡ് മൂലം അമേരിക്കയിൽ മരണമടഞ്ഞത്. ദിവസവും ആയിരത്തോളം പേർ കൊവിഡ് ബാധിച്ച് മരിക്കുന്നുണ്ട്. 70,​000 പേർ പ്രതിദിനം രോഗബാധിതരാകുന്നു. കൊവിഡ് മൂലം അമേരിക്കയിലെ തൊഴിലില്ലായ്‌മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ട്രംപുണ്ടാക്കിയ സാമ്പത്തിക നേട്ടം കൊവിഡിനെ നേരിടുന്നതിലെ പിടിപ്പുകേടു മൂലം ഇല്ലാതാകുന്ന കാഴ്‌ചയാണ് അമേരിക്കയിൽ. ട്രംപിനെ പ്രതിരോധത്തിലാക്കുന്നതും ഇതു തന്നെ.

മറ്റൊരു പ്രധാന വെല്ലുവിളി ട്രംപിന്റെ പ്രവർത്തനശൈലി തന്നെയാണ്. എതിരാളികളെ അധിക്ഷേപിക്കുക,​ സഹപ്രവർത്തകരെ വിമർശിക്കുക,​ കൊവിഡ് നേരിടുന്നതിലെ ശാസ്‌ത്രീയ നടപടികളെ തള്ളിപ്പറയുക,​ തീവ്രവലതുപക്ഷത്തെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുക തുടങ്ങിയവയൊക്കെ സാമാന്യയുക്തിക്കും നീതിക്കും നിരക്കുന്നതല്ല. കൊവിഡ് ബാധിതനായ ട്രംപ് ചികിത്സ പൂർത്തിയാകുന്നതിന് മുൻപു തന്നെ ആശുപത്രി വിട്ട് പ്രചാരണരംഗത്ത് ഇറങ്ങിയതും വിമർശിക്കപ്പെട്ടു.

വെല്ലുവിളിയുടെ

വലുപ്പം

ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ട്രംപ് കനത്ത വെല്ലുവിളിയാണ് ഇക്കുറി നേരിടുന്നത്. ഏകദേശം പതിന്നാല് സംസ്ഥാനങ്ങൾ മാറ്റി നിറുത്തിയാൽ ബാക്കി 36 ഉം ഏതെങ്കിലും പാർട്ടിയുടെ ഉറച്ച കോട്ടകളാണ്. ഫ്ളോറിഡ,​ ജോർജിയ,​ ഇയോവ,​ മിഷിഗൺ,​ മിനിസേട്ട,​ നൊവാഡ,​ ന്യൂഹാംഷെയർ,​ നോർത്ത് കരോലിന,​ ഒഹിയോ,​ പെൻസിൽവാനിയ,​ വെർജീനിയ,​വിസ്കോൺസിൻ,​ ടെക്‌സാസ് തുടങ്ങിയ മിക്ക സംസ്ഥാനങ്ങളിലും സർവേ പ്രകാരം ബൈഡനാണ് മുന്നിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിനോടൊപ്പം നിന്നവയാണ് ഇതിൽ മിക്ക സംസ്ഥാനങ്ങളും.

വ്യക്തി എന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലുമുള്ള ട്രംപിന്റെ പ്രവർത്തനമാണ് നേട്ടവും കോട്ടവും. 2016- ൽ പിന്തുണച്ച ചെറിയൊരു വിഭാഗം ഇത്തവണ മാറിച്ചിന്തിക്കുന്നു എന്നതാണ് പ്രസക്തം. അഭിപ്രായ സർവേകൾ ദേശീയതലത്തിൽ പത്തു ശതമാനത്തിന്റെ മുൻതൂക്കമാണ് ബൈഡനു നല്‌കുന്നത്. എന്നാൽ 2016 ലെ ഇത്തരം മുൻതൂക്കങ്ങളെ മറികടന്നാണ് ട്രംപ് വൈറ്റ് ഹൗസ് കൈപ്പിടിയിലാക്കിയത്. ട്രംപ് ഒട്ടുംതന്നെ മാറിയിട്ടില്ല എന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ അനുയായികളുടെ ആവേശത്തിനും ഒരു കുറവുമില്ല. അതുകൊണ്ടുതന്നെ വിജയപ്രതീക്ഷയുമുണ്ട്.