ജോസിന്റെ ഇടത് പ്രവേശനത്തിൽ തീരുമാനം ഇന്ന്; വ്യവസ്ഥകൾ വ്യക്തമാക്കണമെന്ന് എൻ സി പി ആവശ്യപ്പെടും

Thursday 22 October 2020 6:23 AM IST

തിരുവനന്തപുരം: ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിൽ എൽ.ഡി.എഫ് തീരുമാനം ഇന്ന്. കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കുമെന്ന സൂചന സി.പി.എം നേതൃത്വം ഘടകകക്ഷികൾക്ക് നൽകി. സി.പി.ഐയും അനുകൂലിച്ചതോടെ മുന്നണി പ്രവേശനത്തിന് ഇനി തടസമൊന്നുമുണ്ടാകില്ല.

ജോസ് കെ മാണി മുന്നോട്ടു വച്ചിട്ടുളള വ്യവസ്ഥകൾ എന്തെന്ന് വ്യക്തമാക്കണമെന്ന് എൻ.സി.പി മുന്നണിയോഗത്തിൽ ആവശ്യപ്പെടും. അതറിഞ്ഞ ശേഷമാകും പാർട്ടി നിലപാട് വ്യക്തമാക്കുക. ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിനുശേഷം ആശയവിനിമയം നടത്താത്തതിലും എൻ.സി.പിക്ക് നീരസമുണ്ട്. വൈകിട്ട് നാലിന് എ.കെ.ജി സെന്ററിലാണ് മുന്നണി യോഗം.

തദ്ദേശതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കൂടി അർഹമായ പരിഗണന നൽകി പ്രാദേശിക തലത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കണം എന്നാകും എൽ.ഡി.എഫ് നിർദേശം. നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയില്ലെന്നും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ജോസ് കെ.മാണി ഇടതുമുന്നണിയിലേക്ക് വരുന്നതെന്നുമാണ് ഘടകകക്ഷികളെ സി.പി.എം അറിയിച്ചിരിക്കുന്നത്.

നിയമസഭാ സീറ്റുകൾ സംബന്ധിച്ച കാര്യങ്ങൾ ഇന്ന് മുന്നണി ചർച്ച ചെയ്‌തേക്കില്ല. അതിനാൽ കാഞ്ഞിരപ്പളളി സീറ്റ് സംബന്ധിച്ച് സി.പി.ഐയും പാലാ സീറ്റ് സംബന്ധിച്ച് എൻ.സി.പിയും യോഗത്തിൽ നിലപാട് പറയില്ല. ഡിസംബർ ആദ്യം തദ്ദേശതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ ജോസ് കെ.മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതിൽ തീരുമാനം നീളില്ല. ജനാധിപത്യ കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കാതെ ദീർഘനാൾ സഹകരിപ്പിച്ച് നിർത്തിയ സമീപനം ജോസ് കെ മാണിയുടെ കാര്യത്തിലുണ്ടാവില്ലെന്ന് ഇന്നലെ കാനവും സൂചന നൽകിയിരുന്നു.