ബീഹാറുകാർക്ക് മാത്രം സൗജന്യ വാക്സിനോ ? ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാർക്ക് സൗജന്യ വാക്സിൻ ലഭിക്കില്ലേ ? വിവാദമായി പ്രകടന പത്രികയിലെ വാഗ്ദാനം
ന്യൂഡൽഹി : ബീഹാറിൽ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം വിവാദത്തിൽ. കൊവിഡ് വാക്സിന്റെ പേരിൽ ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ കരുവാക്കുകയാണെന്നാണ് ആരോപണം.
' അധികം വൈകാതെ തന്നെ ഒരു കൊവിഡ് വാക്സിന്റെ വൻതോതിലുള്ള ഉത്പാദനം ആരംഭിക്കും. ബീഹാറിലെ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സിൻ ലഭ്യമാകും. ഇതാണ് ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ' കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബീഹാർ തിരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പറഞ്ഞു.
പിന്നാലെ, ഇതേ മാതൃകയിൽ തന്നെ അടുത്ത വർഷം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തമിഴ്നാട്ടിലും പ്രഖ്യാപനം ഉണ്ടായി. കൊവിഡ് വാക്സിൻ തയാറായി കഴിഞ്ഞാൽ തമിഴ്നാട്ടിലെ എല്ലാവർക്കും അത് സൗജന്യമായി നൽകും. ' മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി പറഞ്ഞു. ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് എ.ഐ.എ.ഡി.എം.കെ. ലോകമെമ്പാടും കൊവിഡ് വാക്സിനുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതാദ്യമായാണ് പരീക്ഷണത്തിലിരിക്കുന്ന ഒരു വാക്സിനെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകപ്പെടുന്നത്.
അതേ സമയം, ബി.ജെ.പിയുടെ പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ' ബി.ജെ.പി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യമോ ? ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാർക്ക് സൗജന്യ വാക്സിൻ ലഭിക്കില്ലേ ? ' ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ചോദിച്ചു.
കോൺഗ്രസ് നേതാവ് ശശി തരൂർ, നാഷണൽ കോൺഗ്രസ് നേതാവ് ഒമർ അബ്ദുള്ള തുടങ്ങിയവരും രംഗത്തെത്തി. ബി.ജെ.പിയ്ക്ക് മറ്റൊന്നും അവകാശപ്പെടാനില്ലാത്തത് കൊണ്ടാണ് കൊവിഡ് വാക്സിനെ പോലും രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്നും വാക്സിൻ രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടതാണെന്നും ആർ.ജെ.ഡിയും വിമർശിച്ചു