കൊവിഡ് പ്രതിരോധം, വാക്സിൻ വിതരണത്തിനായി  50,000  കോടി രൂപ നീക്കിവച്ച് കേന്ദ്ര സർക്കാർ

Thursday 22 October 2020 7:08 PM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിനായി 50,000 കോടി രൂപ നീക്കിവച്ച് കേന്ദ്ര സർക്കാർ. ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ 130 ജനങ്ങളിൽ ഒരാൾക്ക് ആറ് മുതൽ ഏഴ് ഡോളർ വരെ ഇതിനായി ചിലവ് വരുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കാണ് ഇതുവരെ നൽകിയിട്ടുള്ള പണം. ഇതിനായി യാതൊരുവിധ സമ്പത്തിക ഞെരുക്കവുമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. വാക്സിൻ വികസിപ്പിക്കുന്നതിനും നിർമാണത്തിനും രാജ്യത്തെ മുഴുവൻ ജനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുമായി ഇന്ത്യയ്ക്ക് ഏകദേശം 800 ബില്ല്യൺ രൂപ വേണ്ടിവരുമെന്ന് നേരത്തെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മോധാവി അദർ പൂനവല്ല പറഞ്ഞിരുന്നു. മരുന്ന് നിർമാണ ഫാക്ടറികളിൽ നിന്ന് രാജ്യത്തെ മുഴുവൻ സ്ഥലങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നത് ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊവിഡ് രൂക്ഷമാകുന്നതിനെ തുടർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്താകമാനം വാക്സിനുകൾ വിതരണം ചെയ്യുന്നതിനായി പ്രത്യേക പദ്ധതി നിർമിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി. അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചുവരികയാണെന്നും ഫെബ്രുവരിയോടെ രോഗം കൂടുതൽ പേരെ ബാധിച്ചേക്കാമെന്നുമാണ് സർക്കാർ പാനൽ നൽകുന്ന സൂചന.