ചില പേറ്റന്റ് പാഠങ്ങൾ
ആദ്യമായി രണ്ട് സ്ത്രീകളുടെ കൈകളിൽ എത്തിയതിലൂടെ ഈ വർഷത്തെ രസതന്ത്ര നോബൽ ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ജനിതകഘടനയെ സമൂലമായി മാറ്റാൻ കഴിയുന്ന CRISPR- Cas9 എന്ന വിപ്ലവകരമായ സാങ്കേതികവിദ്യയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
കാലിഫോർണിയയിലെ ബെർക്ലി സർവകലാശാലയിലെ ജെന്നിഫർ ഡൗഡ്ന, ബെർലിൻ മാക്സ് പ്ലാങ്കിലെ ഇമ്മാനുവൽ ഷാർപെന്റിയെ എന്നിവരാണ് വിപ്ളവകരമായ കണ്ടുപിടുത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്. ജീനുകളെ കൃത്യമായി എഡിറ്റ് ചെയ്യാനും ഇഷ്ടാനുസൃതമാക്കാനുമുള്ള സംവിധാനമാണ് ഇവർ സൃഷ്ടിച്ചത്. പുതിയ വിളകൾ, ഉത്പാദനക്ഷമതയുള്ള പശുക്കൾ, പുതിയ മരുന്നുകൾ, രോഗകാരികളെ വഹിക്കാൻ കഴിയാത്ത കൊതുകുകൾ എന്നിവയെ സൃഷ്ടിക്കാൻ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം എന്നതാണ് കണ്ടുപിടിത്തത്തെ അമൂല്യമാക്കുന്നത്. ബുദ്ധിശക്തി, ആകർഷണീയത, കായികക്ഷമത മുതലായ സ്വഭാവസവിശേഷതകളും എന്തിന് പാരമ്പര്യരോഗങ്ങളോട് പ്രതിരോധശേഷിയുള്ളവരുമായ കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ പോലും സഹായകമായ സാങ്കേതിക വിദ്യയാണിത് ! ഇത് ധാർമ്മികമായ ചില ചോദ്യങ്ങളിലേക്ക് നയിക്കുന്നു എന്നത് സത്യം തന്നെ. കാരണം ഈ ശാസ്ത്രജ്ഞർ അക്ഷരാർത്ഥത്തിൽ ദൈവത്തെ പോലും വെല്ലുവിളിക്കുന്നവരായിരിക്കും. മിക്ക ശാസ്ത്രജ്ഞരും മനുഷ്യ ഭ്രൂണങ്ങളിൽ പരീക്ഷണം നടത്താൻ ആഗ്രഹിക്കുന്നില്ല. 2018 ലെ ഒരു ചൈനീസ് ശാസ്ത്രജ്ഞൻ ജനിതകമാറ്റം വരുത്തിയ ഇരട്ടകളെ സൃഷ്ടിച്ചു എന്നതും മറ്റൊരു യാഥാർത്ഥ്യം. വൈറസുകളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ബാക്ടീരിയ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ഇവർ കണ്ടെത്തിയ ക്രിസ്പർ . വൈറസിൽ നിന്ന് ഡി.എൻ.എയുടെ ശകലങ്ങൾ സ്വന്തം ജീനോമിലേക്ക് ചേർക്കുന്നതിലൂടെ, ഒരു ബാക്ടീരിയയ്ക്ക് വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റിബോഡികൾ വികസിപ്പിക്കാൻ സാധിക്കും. ഈ രീതി ജീനുകളെ കൃത്യമായി എഡിറ്റ് ചെയ്യാൻ അനുയോജ്യമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. രോഗചികിത്സയിൽ ഈ സാങ്കേതികവിദ്യ വിപ്ളവകരമായ മാറ്രങ്ങൾക്ക് വഴിയൊരുക്കും. ഉദാ : മസ്കുലർ ഡിസ്ട്രോഫി, എച്ച്.ഐ.വി, സിസ്റ്റിക് ഫൈബ്രോസിസ്, ഓട്ടിസം, സിക്കിൾ സെൽ അനീമിയ എന്നിവയ്ക്കുള്ള ചികിത്സ . വാണിജ്യപരമായ നേട്ടങ്ങളും ലാഭവും ലക്ഷ്യം വച്ച് നിരവധി കമ്പനികൾ സാങ്കേതിക വിദ്യയുടെ ലൈസൻസിനായി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുകയും ചെയ്തു. ഡൗഡ്നയ്ക്കും ഇമ്മാനുവേൽ ഷാർപന്റിയയ്ക്കും അവരുടെ സാങ്കേതികവിദ്യയ്ക്ക് പേറ്രന്റ് ലഭിക്കും എന്ന വിശ്വാസത്തിലായിരുന്നു ഇത്.
നോബൽ കൈയിൽ, പേറ്റന്റ് വഴുതിപ്പോയി വിപ്ളവകരമായ കണ്ടുപിടിത്തം നടത്തിയ വനിതാശാസ്ത്രജ്ഞർക്ക് സാങ്കേതിക വിദ്യയുടെ പേറ്റന്റ് നേടായില്ല എന്നൊരു ദൗർഭാഗ്യകരമായ വസ്തുത നിലനില്ക്കുന്നു! ഹാർവാർഡും എം.ഐ.ടിയുമായി ബന്ധപ്പെട്ട ബ്രോഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഫെങ് ഴാങ് ആണ് ഡൗഡ്നയുടെയും ഷാർപന്റിയയുടെയും എതിരാളി. ഈ സാങ്കേതികവിദ്യ മനുഷ്യരിൽ ഉപയോഗിക്കാനുള്ള പേറ്രന്റിനാണ് ഴാങ് അപേക്ഷിച്ചത്. എന്നാൽ ഡൗഡ്നയും ഷാർപന്റിയയും എല്ലാ ജീവിവർഗങ്ങളുടെയും കോശങ്ങളിൽ പൊതുവെ ഉപയോഗിക്കാനുള്ള പേറ്റന്റിനാണ് അപേക്ഷിച്ചത്. അതേസമയം, തന്റെ പേറ്റന്റ് അപേക്ഷ വേഗത്തിലാക്കാൻ ഴാങ് ചില കുറുക്കുവഴികളും കണ്ടെത്തിയിരുന്നു. മാത്രമല്ല, പേറ്രന്റ് നിയമത്തിലെ ചില സങ്കീർണമായ മാറ്റങ്ങളും നോബൽ ജേതാക്കൾക്ക് തിരിച്ചടിയായി. അപ്പീലിലും ഴാങ് വിജയിച്ചു. അങ്ങനെ ഴാങ് പേറ്രന്റ് നേടി.
ഇന്ത്യക്കാർക്കുള്ള പാഠം ഈ പേറ്റന്റ് സമരത്തിൽ നിന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. അദ്വിതീയവും പുതുമയുള്ളതുമായ കണ്ടുപിടിത്തങ്ങൾക്ക് ഇന്ത്യയിലും ഒരേസമയം മറ്ര് രാജ്യങ്ങളിലും പേറ്റന്റ് പരിരക്ഷ അനിവാര്യമാണ്. പേറ്റന്റുള്ള കണ്ടുപിടിത്തങ്ങൾ വാണിജ്യമൂല്യം ഉള്ളതുമാണ്. കൃത്യമായ പേറ്റന്റ് പരിരക്ഷ നേടുന്നവർക്ക് ലൈസൻസ് ഫീസ് ഈടാക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം. ഇന്ത്യൻ സർവകലാശാലകളും അവരുടെ വിലയേറിയ ഗവേഷണ ഫലങ്ങളിലൂടെ ധനസമ്പാദനം നടത്തണം. യു.എസ് സർവകലാശാലകൾ ലൈസൻസ് നൽകുന്നതിലൂടെ വളരെ വലിയ തുകകൾ നേടുന്നുണ്ട്. തിരുവനന്തപുരത്ത് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് കമ്പനികൾക്ക് ബ്ലഡ് ബാഗുകൾക്കും ഹാർട്ട് വാൽവുകൾക്കുമുള്ള ലൈസൻസ് നൽകിയല്ലോ. നിങ്ങൾ ഒരു നോബൽ സമ്മാനം നേടിയാലും ഇല്ലെങ്കിലും, ബൗദ്ധിക സ്വത്തവകാശം വാണിജ്യവത്കരിക്കുക കൂടി ചെയ്യുന്നത് സംതൃപ്തിയും ആത്മവിശ്വാസവും നല്കും. 2020 ലെ രസതന്ത്ര നോബൽ നേടിയ രണ്ട് വനിതകൾ വിപ്ളവകരമായ മാറ്റമാണ് അഴിച്ചുവിട്ടിരിക്കുന്നത്. കൊറോണ വൈറസിനും മറ്റ് മാരകമായ രോഗങ്ങൾക്കും പ്രതിവിധി കണ്ടെത്താൻ ഈ കണ്ടുപിടിത്തം ആരോഗ്യരംഗത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
( ലേഖകൻ ശാസ്ത്ര- നയതന്ത്ര വിദഗ്ദ്ധനാണ് )